ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ (എസ്.സി.ബി.എ) പ്രസിഡന്‍റും തമ്മിലുണ്ടായ വാക് തർക്കത്തിൽ ചീഫ് ജസ്റ്റിസിനോട് ഖേദം പ്രകടിപ്പിച്ചതിന് മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് ബാർ അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
ബാര്‍ അസോസിയേഷന് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് മാർച്ച് രണ്ടിനാണ് ചീഫ് ജസ്റ്റിസും എസ്.സി.ബി.എ പ്രസിഡന്‍റ് വികാസ് സിങ്ങും തമ്മില്‍ വാക് തര്‍ക്കമുണ്ടായത്.
മാർച്ച് ആറിന് ചേര്‍ന്ന ബാർ അസോസിയേഷൻ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് ഇരുവർക്കും കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസുമായുള്ള തര്‍ക്കത്തില്‍ പ്രസിഡന്‍റ് വികാസ് സിങ്ങിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി യോഗം പ്രഖ്യാപിച്ചു.
അസോസിയേഷൻ എടുത്ത നിലപാടിനെ തരംതാഴ്ത്തുന്നതിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകര്‍ നടത്തിയ പരാമര്‍ശങ്ങളെ അപലപിക്കുന്നു. അത്തരം അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്.സി.ബി.എ വ്യക്തമാക്കി.
സുപ്രീംകോടതിക്ക് ലഭിച്ച ഭൂമി അഭിഭാഷകരുടെ ചേംബര്‍ പണിയുന്നതിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ സാധാരണപോലെ പരിഗണിക്കാമെന്നും മാർച്ച് 17 ലേക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. എന്നാൽ, അടിയന്തരമായി പരിഗണിച്ചില്ലെങ്കില്‍ അഭിഭാഷകരുമായി എത്തി ജഡ്ജിമാരുടെ വസതികള്‍ക്കു മുന്നില്‍ ധര്‍ണ ഇരിക്കുമെന്ന് വികാസ് സിങ് പറഞ്ഞു. ഇതിൽ ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് അദ്ദേഹത്തോട് ഇരിക്കാനോ അല്ലെങ്കിൽ കോടതി വിട്ടുപോകാനോ ആവശ്യപ്പെട്ടു. ജഡ്ജിയായിരുന്ന ഇത്രയും കാലം ആരുടെയും ഭീഷണിക്ക് വഴങ്ങിയിട്ടില്ലെന്നും പദവിയില്‍ ശേഷിക്കുന്ന രണ്ടുവര്‍ഷം ഭീഷണിക്ക് വഴങ്ങാന്‍ പോകുന്നില്ലെന്നും തന്നെ പേടിപ്പിച്ചിരുത്താമെന്ന് കരുതേണ്ടെന്നുമാണ് ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് കപിൽ സിബലും കിഷൻ കൗളും ചീഫ് ജസ്റ്റിസിനോട് മാപ്പു പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.