ഗാംങ്ടോക്: രണ്ടോ അതിലധികമോ കുട്ടികൾക്ക് ജന്മം നൽകുന്ന വനിതാ സർക്കാർ ജീവനക്കാർക്ക് അധിക ശമ്പള വർധനവ് പ്രഖ്യാപിച്ച് സിക്കിം. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് പ്രത്യേക ശമ്പള വർധനയും മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്നവർക്ക് രണ്ട് മടങ്ങ് വർധനവും സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാംഗ് നിർദേശിച്ചു.
'തദ്ദേശവാസികൾക്കിടയിലെ ഫെർട്ടിലിറ്റി(പ്രത്യുൽപാദന ശേഷി നിരക്ക്) നിരക്ക് കുറവാണെന്നത് സിക്കിമിൽ ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഈ അവസ്ഥയെ മറികടക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു'- വെള്ളിയാഴ്ച ഗാംങ്ടോകിൽ നടന്ന പരിപാടിയിൽ തമാംഗ് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനമായ സിക്കിം വർഷങ്ങളായി കുറഞ്ഞ ഫെർട്ടിലിറ്റി നിരക്കുമായി (ടി.എഫ്.ആർ) തുടരുകയാണ്. സർക്കാർ രേഖകൾ പ്രകാരം രാജ്യത്തെ ഏറ്റവും കുറഞ്ഞ ടി.എഫ്.ആർ നിരക്കുള്ളത് സിക്കിമിലാണ്. 2022 ലെ കണക്ക് പ്രകാരം ഇത് 1.1 ആണ്. ഇതിനർത്ഥം സിക്കിമിലെ ശരാശരി സ്ത്രീകൾക്ക് ഒന്നിൽ കൂടുതൽ കുട്ടികളില്ല എന്നാണ്. 2021ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ലെ ദേശീയ ഫെർട്ടിലിറ്റി നിരക്ക് ഒരു സ്ത്രീക്ക് 2.159 ആണ്.
സിക്കിം സ്ത്രീകൾക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രസവാവധി, പുരുഷന്മാർക്ക് ഒരു മാസത്തെ പിതൃത്വ അവധി, ഇൻ-വിട്രോ ഫെർട്ടിലൈസേഷനിലൂടെ ഗർഭം ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ നവംബറിൽ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.