ന്യൂഡൽഹി: രാജ്യത്ത് ഉന്നത വിദ്യാഭ്യാസരംഗത്ത് മുസ്ലിം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് എസ്.ഐ.ഒ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തിന് മുസ്ലിം വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള അഖിലേന്ത്യ ഉന്നത വിദ്യാഭ്യാസ സർവേ 2020-21 റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഉത്തർപ്രദേശ് (36 ശതമാനം), ജമ്മു-കശ്മീർ (26 ശതമാനം), മഹാരാഷ്ട്ര (8.5 ശതമാനം), തമിഴ്നാട് (8.1 ശതമാനം) ബിഹാർ (6.2 ശതമാനം) എന്നിങ്ങനെയാണ് കുറവ് ഉണ്ടായിരിക്കുന്നത്.
ഇതിന് കാരണം കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ മുസ്ലിം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ആരംഭിക്കുന്ന കർമപരിപാടി പ്രഖ്യാപിച്ചുകൊണ്ട് എസ്.ഐ.ഒ ആവശ്യപ്പെട്ടു.
എസ്.ഐ.ഒക്ക് കീഴിലുള്ള സെന്റർ ഫോർ എജുക്കേഷനൽ റിസേർച്ച് ആൻഡ് ട്രെയിനിങ് (സി.ഇ.ആർ.ടി) സെന്റററാണ് കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ, മാർഗദർശനം, നൈപുണ്യ വികസന ശിൽപശാലകൾ, സ്കോളർഷിപ് സഹായം അടക്കം നൽകി വിദ്യാർഥികളെ ശാക്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
36 ശതമാനം വിദ്യാർഥികളുടെ കുറവുണ്ടായ ഉത്തർപ്രദേശിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രസ്ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന പരിപാടിയിൽ സി.ഇ.ആർ.ടി ഡയറക്ടർ ഡോ. റോഷൻ മൊഹിയുദ്ദീൻ പറഞ്ഞു.
മൗലാന ആസാദ് ഫെലോഷിപ് പുനഃസ്ഥാപിക്കണം, മുസ്ലിം വിദ്യാർഥികളുടെ പ്രാതിനിധ്യ കുറവ് അന്വേഷിക്കണം.
ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിൽ സർവകലാശാലകൾ സ്ഥാപിക്കണം. വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം തടയണമെന്നും സി.ഇ.ആർ.ടി ആവശ്യപ്പെട്ടു.
മുസ്ലിം വിദ്യാർഥികളുടെ വലിയതോതിലുള്ള കൊഴിഞ്ഞുപോക്ക് പ്രയാസമുണ്ടാക്കുന്നതാണെന്നും രാജ്യത്ത് ആർ.എസ്.എസ് അജണ്ടയായ ഹിന്ദുരാഷ്ട്രം നടപ്പാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളുടെ ഭാഗമായാണ് ഇതു സംഭവിക്കുന്നതെന്നും ചടങ്ങിൽ സംസാരിച്ച ജെ.എൻ.യു പ്രഫസർ നിവേദിത മേനോൻ ചൂണ്ടിക്കാട്ടി.
മുസ്ലിം വിദ്യാർഥികൾ എല്ലാതലത്തിലും അന്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.