ചെന്നൈ: ശിരുവാണി നദിയില്‍ അണക്കെട്ട് നിര്‍മിക്കാന്‍ കേരളത്തിന് നല്‍കിയ പാരിസ്ഥിതിക പഠനാനുമതി താല്‍ക്കാലികമായി പിന്‍വലിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിട്ട് തട്ടിപ്പ് നടത്തുകയാണെന്നും വിഭജിച്ച് ഭരിക്കുകയാണെന്നും തമിഴ്നാട് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
ശിരുവാണി നദിക്ക് കുറുകെയുള്ള അണക്കെട്ട് നിര്‍മാണം സ്ഥിരമായി തടയുന്നതിന് പകരം, പഠനാനുമതി താല്‍ക്കാലികമായി പിന്‍വലിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. തമിഴ്നാട്ടിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് കേന്ദ്രം ചെയ്തതെന്നും സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. തമിഴ്നാട്ടിലെ കര്‍ഷകര്‍ ഉള്‍പ്പെടെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
ജയലളിത സര്‍ക്കാര്‍ കേന്ദ്രത്തിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും നിര്‍ദിഷ്ട അണക്കെട്ട് സ്ഥിരമായി തടഞ്ഞ് കേന്ദ്രം തീരുമാനമെടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പദ്ധതി പഠനാനുമതി താല്‍ക്കാലികമായി പിന്‍വലിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ നിലപാടില്‍ എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോ, തമിഴ് മാനില കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.കെ. വാസന്‍ എന്നിവര്‍ പ്രതിഷേധിച്ചു. അണക്കെട്ട് നിര്‍മാണം പൂര്‍ണമായി തടയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഡി.എം.ഡി.കെ അധ്യക്ഷന്‍ വിജയകാന്ത് സ്വാഗതം ചെയ്തു. പദ്ധതിയുടെ പഠനാനുമതി എന്നന്നേക്കുമായി തടയണമെന്നാവശ്യപ്പെട്ട് വിവിധ കര്‍ഷകസംഘടനകള്‍ രംഗത്തുണ്ട്.
അട്ടപ്പാടി ജലസേചന പദ്ധതിക്ക് ശിരുവാണി നദിക്ക് കുറുകെ ചിറ്റൂരില്‍ അണക്കെട്ട് നിര്‍മിക്കുന്നതിന് കേരളത്തിന് നല്‍കിയ പാരിസ്ഥിതികാഘാത പഠനാനുമതി കേന്ദ്രം താല്‍ക്കാലികമായി തടഞ്ഞതായി കഴിഞ്ഞദിവസം തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കാവേരി നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ തീര്‍പ്പാകുന്നതുവരെയോ തമിഴ്നാടിന്‍െറ സമ്മതം കിട്ടുന്നതുവരെയോ ആണ് തടഞ്ഞത്.
മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ പഠനാനുമതി തമിഴ്നാടിന്‍െറ സമ്മര്‍ദത്തത്തെുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ വിദഗ്ധ സമിതിയാണ് പുന$പരിശോധിച്ചത്. ഇതു സംബന്ധിച്ച് ഇരു സംസ്ഥാനങ്ങള്‍ക്കും മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്.
തമിഴ്നാടിന്‍െറ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ അട്ടപ്പാടി ജലപദ്ധതിക്ക് നല്‍കിയ പഠനാനുമതി കേന്ദ്രം തടഞ്ഞത്, ജയലളിത സര്‍ക്കാറിന്‍െറ നയതന്ത്ര വിജയമായാണ് അണ്ണാ ഡി.എം.കെ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.