വാല്മീകി കോർപറേഷൻ അഴിമതി: മുഖ്യപ്രതിയുടെ വീട്ടിൽ നിന്ന് 10 കിലോ സ്വർണക്കട്ടി പിടിച്ചെടുത്തു

ബംഗളൂരു: കർണാടക സർക്കാറിന് കീഴിലെ മഹർഷി വാല്മീകി പട്ടികജാതി വികസന കോർപറേഷൻ അഴിമതി കേസിലെ മുഖ്യപ്രതിയുടെ വീട്ടിൽ നിന്ന് 10 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. മുഖ്യപ്രതി സത്യനാരായണ വർമയുടെ ഹൈദരാബാദിലെ വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സ്വർണക്കട്ടി പിടിച്ചെടുത്തത്.

വാൽമീകി അഴിമതിയിൽ നിന്ന് സ്വരൂപിച്ച പണം കൊണ്ടാണ് വർമ സ്വർണം വാങ്ങിയതെന്ന് പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി. എസ്.ഐ.ടിയുടെ ചോദ്യം ചെയ്യലിൽ 15 കിലോഗ്രാം സ്വർണം കൈവശമുണ്ടെന്ന് വർമ മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രഹസ്യമായി ഒളിപ്പിച്ച 10 കിലോ സ്വർണക്കട്ടി കണ്ടെടുത്തത്.

ശേഷിക്കുന്ന അഞ്ച് കിലോഗ്രാം സ്വർണ ബിസ്‌ക്കറ്റുകൾ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എസ്.ഐ.ടി. അഴിമതി പണം കൊണ്ട് വർമ ​​ആകെ 35 കിലോ സ്വർണ ബിസ്‌ക്കറ്റുകൾ സ്വന്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം.

അറസ്റ്റിലാകുന്നതിന് മുമ്പ് വർമ പണവും സ്വർണവും ഒളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനായി ബംഗളൂരുവിലേക്ക് മാറ്റിയപ്പോൾ, വർമ തന്‍റെ റിയൽ എസ്റ്റേറ്റ് ഇടപാടിനെ കുറിച്ചും ഫണ്ടിനെ കുറിച്ചും വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കോടതി പുറപ്പെടുവിച്ച സെർച്ച് വാറന്‍റുമായി എസ്.ഐ.ടി ഹൈദരാബാദിലെ വീട്ടിൽ റെയ്ഡ് നടത്തിയത്.

ഹൈദരാബാദിലെ മേപുരയിലെ സീമ ടൗണിലുള്ള വാസവി ബിൽഡേഴ്‌സിൽ രണ്ട് വീതം ഫ്‌ളാറ്റുകൾ ഉൾപ്പെടെ 11 ഫ്ളാറ്റുകൾ വാങ്ങിയതിന്‍റെ രേഖകൾ പരിശോധനയിൽ കണ്ടെത്തി. കൂടാതെ, ഹൈദരാബാദിലെ ഫ്ലാറ്റിൽ ഒളിപ്പിച്ച എട്ട് കോടി രൂപയും ബാഗിൽ സൂക്ഷിച്ച എട്ട് കോടി രൂപയും കണ്ടെടുത്തു.

വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒമ്പത് പേർ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. മൂന്നു പേർ വിശദ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലാണ്.

ഗോത്ര സമുദായങ്ങൾക്കുള്ള ഫണ്ട് കൈമാറ്റത്തിനും വിവിധ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി കർണാടക സർക്കാറിന് കീഴിൽ രൂപവത്കരിച്ചതാണ് മഹർഷി വാല്മീകി എസ്.ടി ഡെവലപ്മെന്റ് കോർപറേഷൻ. ഇതിനു കീഴിലെ 94 കോടി രൂപ കർണാടകയിലെയും കർണാടകക്ക് പുറത്തെയും ചില ബാങ്കുകളിലേക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലേക്കും മാറ്റി​യതുമായി ബന്ധപ്പെട്ടാണ് കേസ്.

കോർപ​റേഷനിലെ അക്കൗണ്ടിങ് സൂപ്രണ്ടായ പി. ചന്ദ്രശേഖറിനെ ശിവമൊഗ്ഗയിലെ വസതിയിൽ മേയ് 26ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. താൻ നിരപരാധിയാണെന്നും മന്ത്രി നാഗേന്ദ്രയടക്കം പല ഉന്നതരുടെയും സമ്മർദത്താലാണ് ഫണ്ട് വകമാറ്റിയതെന്നും ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിരുന്നു. കോർപറേഷൻ എം.ഡി ജെ.ജി. പത്മനാഭ, അക്കൗണ്ട്സ് ഓഫിസർ ജി. പരസ്തുരാമ, യൂനിയൻ ബാങ്ക് ചീഫ് മാനേജർ സുചിഷ്മിത റാവൽ എന്നിവരുടെ പേരുകളും ആറ് പേജ് വരുന്ന കുറിപ്പിലുണ്ടായിരുന്നു.

കേസ് അന്വേഷിക്കാൻ സർക്കാർ രൂപവത്കരിച്ച എസ്.ഐ.ടി സംഘം കോർപറേഷൻ എം.ഡി ജെ.ജി. പത്മനാഭ, അക്കൗണ്ട്സ് ഓഫിസർ ജി. പരസ്തുരാമ, ഫസ്റ്റ് ഫിനാൻസ് ക്രെഡിറ്റ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് ചെയർമാൻ സത്യനാരായണ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. എം.ജി റോഡിലെ യൂനിയൻ ബാങ്കിലെ അക്കൗണ്ടിലാണ് കോർപറേഷന്റെ ഫണ്ട് സൂക്ഷിച്ചിരുന്നത്. അക്കൗണ്ടിൽ നിന്ന് ഫണ്ട് മാറ്റിയതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ സി.ബി.ഐക്ക് കീഴിലെ ബാങ്കിങ് സെക്യൂരിറ്റീസ് ഫ്രോഡ് യൂനിറ്റും കേ​സെടുത്തിട്ടുണ്ട്.  

Tags:    
News Summary - SIT recovers 10 kg gold from Hyderabad house of Valmiki scam prime accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.