ന്യൂഡൽഹി: തൊണ്ട പൊട്ടുമാറുച്ചത്തിൽ പ്രിയ സഖാക്കളുടെ ലാൽ സലാം വിളികൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ പാർട്ടി ആസ്ഥാനത്തേക്ക് അവസാനമായി ഒരിക്കൽ കൂടി സീതാറാം യെച്ചൂരി എത്തി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളും നേതാക്കളും അംഗങ്ങളുമടക്കം റെഡ് സല്യൂട്ട് നൽകി നേതാവിനെ സ്വീകരിച്ചു. രാവിലെ 10.15ഓടെയാണ് മൃതദേഹം സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസായ എ.കെ.ജി ഭവനിൽ എത്തിച്ചത്. 11 മുതൽ മൂന്നുമണി വരെയാണ് ഇവിടെ പൊതുദർശനം.
അന്ത്യോപചാര പരിപാടികൾക്കുശേഷം വിലാപയാത്രയായി എയിംസിലെത്തിക്കുന്ന ഭൗതികശരീരം യെച്ചൂരിയുടെ ആഗ്രഹപ്രകാരം വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠനത്തിനായി കൈമാറും. 2021ൽ മരിച്ച യെച്ചൂരിയുടെ മാതാവ് കൽപകത്തിന്റെ മൃതദേഹവും എയിംസിന് കൈമാറിയിരുന്നു.
ദേശീയ രാഷ്ട്രീയത്തിൽ യെച്ചൂരിയുടെ സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും പ്രിയ സഖാവിന് റെഡ് സല്യൂട്ട് നൽകി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഉൾപ്പെടെ നിരവധിപേർ വെള്ളിയാഴ്ച വസന്ത്കുഞ്ജിലെ വീട്ടിൽ അന്ത്യോപചാരം അർപ്പിക്കാനെത്തി. മാർക്സിസത്തിലും ജനാധിപത്യത്തിലും അതിലുപരി മതേതരത്വത്തിലും വിശ്വാസമർപ്പിച്ച നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഡി.എം.കെ നേതാവ് എ. രാജ രാജ പറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷത്തിനും കനത്ത നഷ്ടമാണെന്ന് സി.പി.എം നേതാവും സഹപ്രവർത്തകനുമായ ഹനൻമുല്ല ഓർമിച്ചു.
വെള്ളിയാഴ്ച ജെ.എൻ.യു കാമ്പസിൽ പൊതുദർശനത്തിന് വെച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരത്തിൽ അധ്യാപകരും വിദ്യാർഥികളും അടക്കം വിവിധ കോണുകളിൽനിന്ന് നൂറുകണക്കിനാളുകൾ പുഷ്പാർച്ചന നടത്തി. ഇടതു വിദ്യാർഥി രാഷ്ട്രീയത്തിലേക്കും നേതൃതലത്തിലേക്കും നയിച്ച പ്രിയ സ്ഥാപനത്തിലേക്കാണ് ‘എയിംസി’ൽനിന്ന് യെച്ചൂരിയുടെ ഭൗതികശരീരം ആദ്യം എത്തിച്ചത്. തുടർന്ന് ജെ.എൻ.യു വിദ്യാർഥി യൂനിയന്റെ നേതൃത്വത്തിൽ അഞ്ച് മണിമുതൽ 5.35 വരെ സ്റ്റുഡന്റ്സ് വെൽഫെയർ ഹാളിൽ പൊതുദർശനത്തിന് വെച്ചു.
ജെ.എൻ.യുവിൽ ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ കൂടെയുണ്ടായിരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് ആദ്യം പുഷ്പാർച്ചന നടത്തിയത്. പിന്നീട് ജെ.എൻ.യു വിദ്യാർഥി യൂനിയനും ജെ.എൻ.യു അധ്യാപക യൂനിയനും എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളും അന്ത്യോപചാരം അർപ്പിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദാ കാരാട്ട്, എം.എ. ബേബി, എം.പിമാരായ ജോൺ ബ്രിട്ടാസ്, എ.എ. റഹീം, ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കനയ്യ കുമാർ, ബോളിവുഡ് താരം സ്വരഭാസ്കർ അടക്കം നിരവധി പേർ പുഷ്പാർച്ചന നടത്തി.
തുടർന്ന് വസന്ത് കുഞ്ചിലേക്ക് മൃതദേഹം കൊണ്ടുപോയി. 1974ലാണ് യെച്ചൂരി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിന് ജെ.എൻ.യുവിൽ ചേരുന്നതും എസ്.എഫ്.ഐയിൽ അംഗമാവുന്നതും. ജെ.എൻ.യു വിദ്യാർഥിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് യെച്ചൂരിക്ക് ജയിൽ ജീവിതം അനുഷ്ഠിക്കേണ്ടി വന്നിരുന്നു. മൂന്നുതവണ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്റ് സ്ഥാനം വഹിക്കുകയുണ്ടായി.
ഡൽഹി എയിംസിൽ വ്യാഴാഴ്ച പകൽ മൂന്നു മണിയോടെയായിരുന്നു 72കാരനായ യെച്ചൂരിയുടെ അന്ത്യം. ശ്വാസകോശ അണുബാധയെതുടർന്ന് ചികിത്സയിലായിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി പദവിയിലിരിക്കെ മരണപ്പെടുന്ന ആദ്യ നേതാവാണ് യെച്ചൂരി. 2022ൽ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് മൂന്നാംതവണയും ജനറൽ സെക്രട്ടറിയായത്. 2015 മുതൽ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.