2024 തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ വിശാലസഖ്യമില്ല: സീതാറാം ​യെച്ചൂരി

ന്യൂഡൽഹി: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ വിശാല സഖ്യം സാധ്യമല്ലെന്നും സഖ്യങ്ങൾ സംസ്ഥാന സാഹചര്യങ്ങൾക്കനുസരിച്ച് ആകുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അയോഗ്യനാക്കിയ വിഷയത്തിൽ സി.പി.എം പിന്തുണ രാഹുൽ ഗാന്ധിക്കല്ല മറിച്ച് വിഷയത്തിനാണെന്ന് യെച്ചൂരി വിശദീകരിച്ചു.

രണ്ടു ദിവസം നീണ്ട പാർട്ടി പോളിറ്റ് ബ്യൂറോ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ പ്രതിപക്ഷ ഐക്യം സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപവത്കരിച്ച കോണ്‍ഗ്രസ്-സി.പി.എം സഖ്യം ഫലപ്രദമായിരുന്നു. മൂന്ന് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലായുള്ള 180 നിയമസഭ സീറ്റുകളില്‍ 46 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി വിജയിച്ചത്. കോണ്‍ഗ്രസ് സഖ്യം ബി.ജെ.പി വോട്ടുവിഹിതം ഗണ്യമായി കുറയുന്നതിന് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.

ആന്ധ്ര ഘടകത്തിൽ സംഘടനാപ്രശ്നങ്ങൾ രൂക്ഷമാണെന്ന് യെച്ചൂരി തുറന്നുസമ്മതിച്ചു. വിഷയം പി.ബി ചർച്ചചെയ്തു. പ്രശ്നം പരിഹരിക്കാൻ പി.ബി നിർദേശങ്ങൾ നടപ്പാക്കും. ബി.വി. രാഘവലു പോളിറ്റ് ബ്യൂറോയിൽ തുടരുമെന്നും രാജിക്കത്ത് പിൻവലിച്ചതായും യെച്ചൂരി അറിയിച്ചു.

കേരളത്തിൽ ബി.ജെ.പിക്കൊപ്പം ചേർന്ന് കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന നടപടി അപലപനീയമാണെന്ന് പി.ബി പ്രസ്താവനയിൽ പറഞ്ഞു. കേരള ജനത ഇതിന് ശക്തമായ മറുപടി നൽകുമെന്നും പി.ബി വിലയിരുത്തി.

രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള മാനനഷ്ടക്കേസ് ബി.ജെ.പി ആയുധമാക്കുകയാണ്. അദാനി വിഷയത്തില്‍ ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകള്‍ വരുന്ന സാഹചര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യത്തെ മോദി സര്‍ക്കാര്‍ നിരാകരിക്കുന്നത് രഹസ്യങ്ങള്‍ സംരക്ഷിക്കാനാണ്. ചര്‍ച്ചകള്‍ കൂടാതെ 12 മിനിറ്റിനുള്ളിലാണ് പാര്‍ലമെന്റില്‍ ബജറ്റ് ഗില്ലറ്റിന്‍ ചെയ്ത് പാസാക്കിയത്.

ജുഡീഷ്യല്‍ നിയമനങ്ങളിലെ കൈകടത്തല്‍, പട്ടികജാതി-പട്ടികവര്‍ഗ, ക്രൈസ്തവ, മറ്റു ന്യൂനപക്ഷ വിഭാഗക്കാര്‍, സ്ഥാപനങ്ങള്‍ എന്നിവക്കുനേരെയുള്ള അക്രമം, മുസ്‌ലിംകള്‍ക്ക് ഏർപ്പെടുത്തിയ നാലു ശതമാനം സംവരണം നിര്‍ത്തലാക്കിയ കര്‍ണാടക സര്‍ക്കാറിന്റെ നടപടി അടക്കമുള്ള തീരുമാനങ്ങൾ അപലപനീയമാണ്. അടുത്ത കേന്ദ്ര കമ്മിറ്റി യോഗം ഏപ്രില്‍ 27-29 തീയതികളില്‍ ഡല്‍ഹിയില്‍ ചേരുമെന്നും പി.ബി പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Sitaram Yechury press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.