ബംഗളൂരു: നേതൃത്വവുമായുള്ള ഭിന്നതകളെതുടർന്ന് കഴിഞ്ഞവർഷം കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ കേന്ദ്ര മന്ത്രി എസ്.എം. കൃഷ്ണ മാതൃപാർട്ടിയിലേക്ക് മടങ്ങുന്നു. കോൺഗ്രസിൽ മടങ്ങിയെത്തുമെന്ന അഭ്യൂഹം ശക്തമാക്കി കർണാടക പി.സി.സി അധ്യക്ഷൻ ജി. പരമേശ്വരയും മന്ത്രി ഡി.കെ. ശിവകുമാറും കഴിഞ്ഞദിവസം കൃഷ്ണയുമായി ചർച്ച നടത്തി. വിഷയം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിക്കുകയും ചെയ്തു.
കൃഷ്ണയെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിന് ഹൈകമാൻഡ് പച്ചക്കൊടി കാണിച്ചതായാണ് വിവരം. പാർട്ടിപദവികൾ നൽകാത്തതും നിയമസഭ തെരഞ്ഞെടുപ്പിൽ മകൾക്ക് സീറ്റ് നിഷേധിച്ചതുമാണ് കൃഷ്ണയെ ബി.ജെ.പിയുമായുള്ള ബന്ധം വേർപെടുത്താൻ പ്രേരിപ്പിക്കുന്നത്. ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലോ മാണ്ഡ്യയിലെ മദ്ദൂറിലോ മകൾക്ക് സീറ്റ് നൽകണമെന്ന് ബി.ജെ.പിനേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മരുമകെൻറ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡും ബി.ജെ.പിയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി. തെരഞ്ഞെടുപ്പിനുമുമ്പ് കൃഷ്ണയെ പാർട്ടിയിലെത്തിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് കോൺഗ്രസ്. അങ്ങനെയെങ്കിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും. വൊക്കലിഗ സമുദായക്കാരനായ കൃഷ്ണക്ക് പഴയ മൈസൂരു മേഖലയിൽ ഇപ്പോഴും സ്വാധീനമുണ്ട്.
കൃഷ്ണയിലൂടെ മേഖലയിൽ അധിപത്യമുറപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ബി.ജെ.പി.ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി കൃഷ്ണയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, ബി.ജെ.പി വിടുമെന്ന വാർത്തകളോട് കൃഷ്ണ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.