അമേത്തി: കോൺഗ്രസിന്‍റെ പരമ്പരാഗത സീറ്റായിരുന്ന ഉത്തർപ്രദേശിലെ അമേത്തി 2019ലെ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി പിടിച്ചെടുത്തത്. രാഹുൽ ഗാന്ധിയെ അരലക്ഷത്തിലേറെ വോട്ടുകൾക്ക് തോൽപ്പിച്ച ബി.ജെ.പിയുടെ സ്മൃതി ഇറാനിയാണ് ഇവിടെ സിറ്റിങ് എം.പി. രാഹുലിന് പകരം ഇത്തവണ സ്മൃതിയെ നേരിടാൻ കോൺഗ്രസ് മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത് കിഷോരി ലാൽ ശർമയെയാണ്.
അഞ്ചാംഘട്ട വോട്ടെടുപ്പ് നടന്ന മേയ് 20നാണ് അമേത്തിയിൽ ജനവിധി രേഖപ്പെടുത്തിയത്. 54.4 ആണ് പോളിങ് ശതമാനം. വോട്ടെണ്ണൽ പുരോഗമിക്കവെ, ആദ്യഘട്ട ഫലസൂചനകളിൽ സ്മൃതി ഇറാനിയെ പിന്നിലാക്കി കോൺഗ്രസ് മുന്നേറുകയാണ്. തുടർച്ചയായ രണ്ടാം വിജയത്തിലൂടെ മണ്ഡലത്തിൽ തങ്ങളുടെ സ്വാധീനം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി ഇത്തവണ അമേത്തിയിൽ പ്രചാരണം നയിച്ചത്. എന്നാൽ ശക്തമായ ഭരണവിരുദ്ധ വികാരം കോൺഗ്രസിനെ തുണച്ചേക്കാമെന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ.
പതിറ്റാണ്ടുകളായി കോൺഗ്രസിന്‍റെ ഉന്നത നേതാക്കൾ ഭരിച്ചിട്ടും മണ്ഡലത്തിൽ വികസനം എത്തിയില്ലെന്നായിരുന്നു 2019ൽ ബി.ജെ.പി ഉയർത്തിക്കാണിച്ച പ്രധാന പ്രചാരണ വിഷയം, ഇത്തവണ മറ്റെല്ലായിടത്തെയും പോലെ മോദിയുടെ ഗാരന്‍റികളാണ് അമേത്തിയിലും പ്രചാരണ വിഷയം. രാഹുൽ ഗാന്ധി അമേത്തിയിൽനിന്ന് മാറി റായ്ബറേലിയിൽ മത്സരിക്കുമ്പോഴും രാഷ്ട്രീയ നിരീക്ഷകർ പ്രത്യേക പ്രാധാന്യത്തോടെയാണ് മണ്ഡലത്തിലെ ജനവിധി നോക്കിക്കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.