സ്മൃതി ഇറാനി ഡൽഹി രാഷ്ട്രീയത്തിലേക്ക്; ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കും

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ബി.ജെ.പി മുൻ എം.പി സ്മൃതി ഇറാനി ഡൽഹി രാഷ്ട്രീയത്തിലേക്ക്. ഡൽഹി കേന്ദ്രീകരിച്ചുളള അവരുടെ പ്രവർത്തനങ്ങളാണ് ഇത്തരമൊരു അഭ്യൂഹത്തിന് തുടക്കമിട്ടത്. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളിൽ ചിലർ തന്നെ സ്മൃതി അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യമ​ന്ത്രി സ്ഥാനാർഥിയാകുമെന്ന് പ്രവചിക്കുന്നുണ്ട്.

ഡൽഹിയിൽ ജനിച്ച വളർന്ന അവർ ഇപ്പോൾ പാർട്ടിയുടെ പരിപാടികളിൽ സജീവമാണ്. സെപ്റ്റംബർ രണ്ടിന് തുടങ്ങിയ മെമ്പർഷിപ്പ് കാമ്പയിനിൽ അവർ സജീവമായി പ​ങ്കെടുത്തിരുന്നു. മെമ്പർഷിപ്പ് കാമ്പയിനിന്റെ മേൽനോട്ട ചുമതലയാണ് സ്മൃതിയെ ഏൽപ്പിച്ചിരിക്കുന്നത്. 14 ജില്ലാ യൂണിറ്റുകളിൽ ഏഴെണ്ണത്തിന്റെ ചുമതല സ്മൃതി ഇറാനിക്കാണ്.

ദക്ഷിണ ഡൽഹിയിൽ സ്മൃതി ഇറാനി വീടും വാങ്ങിയിട്ടുണ്ട്. ഡൽഹി രാഷ്ട്രീയത്തിലേക്കുള്ള അവരുടെ വരവിന് മുന്നോടിയായാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് ഉയരുന്ന വാദം. ഒരു നേതാവിനെ മുൻനിർത്തി പോരാടിയാൽ ഡൽഹി തെരഞ്ഞെടുപ്പിൽ കെജ്രിവാൾ ഉയർത്തുന്ന കടുത്ത വെല്ലുവിളിയെ നേരിടാമെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കൾ കണക്കാക്കുന്നത്.

2020ൽ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥി ഇല്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. സ്മൃതി ഇറാനിക്കൊപ്പം മനോജ് തിവാരി, ബാൻസുരി സ്വരാജ്, ഡൽഹി ബി.ജെ.പി പ്രസിഡന്റ് വീരേന്ദ്ര സാച്ദേവ, മുൻ എം.പി പ്രവേഷ് വർമ്മ എന്നിവരാണ് ബി.ജെ.പി പരിഗണനയിലുള്ള മറ്റുള്ളവർ.

2015ൽ കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി അവർ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. എന്നാൽ, അന്ന് കാര്യമായ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല. മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചതോടെ ഇതുസംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Smriti Irani's activities in Delhi ahead of 2025 polls create buzz in BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.