ന്യൂഡൽഹി: പ്രമുഖ സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഇലീന സെന്‍ (69) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ഛത്തിസ്ഗഢിലെ ഖനി തൊഴിലാളികളുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ക്കായി മുന്നിൽ നിന്ന് പേരാടിയ വ്യക്തിയാണ് ഇലീന. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ബിനായക് സെന്നാണ് ഭർത്താവ്. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ മനുഷ്യാവകാശ പ്രവർത്തകൻ രഞ്ജിത് സുർ ആണ് മരണ വിവരം അറിയിച്ചത്.
കോർപറേറ്റ് ചൂഷണങ്ങൾക്കെതിരെ ഖനി തൊഴിലാളികളുടെ സമരങ്ങൾക്ക് നേതൃത്വം നൽകിയാണ് ഇലീന ശ്രദ്ധേയയായത്. നക്സലുകളെ സഹായിച്ചുവെന്ന പേരിൽ ബിനായക് സെന്നിനെ ജയിലില്‍ അടച്ചപ്പോള്‍ മോചനത്തിനായി അവർ നീണ്ട നിയമ പോരാട്ടം നടത്തി. നോം ചോംസ്കിയും അമർത്യ സെന്നും അടക്കമുള്ള പ്രമുഖർ അവർക്ക് പിന്തുണയുമായെത്തി.
യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ബിനായക് സെന്നിന് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഖനനം മൂലം അവശതകൾ അനുഭവിക്കുന്ന ഡല്ലിരജാര ഗ്രാമത്തിെല ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ ആതുര ശുശ്രൂശയുമായി അവരും ഭർത്താവും പ്രവർത്തിച്ചു. ഗ്രാമീണരുടെ ആരോഗ്യ പരിചരണത്തിനായി ഇരുവരും ചേർന്ന് ആശുപത്രിയും കെട്ടിപ്പൊക്കിയിരുന്നു. ഇവർ ആരംഭിച്ച 'രൂപാന്തർ' എന്ന സന്നദ്ധ സംഘടന ഉൾപ്രദേശങ്ങളിലെ ബദൽ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിലെ തന്നെ മികച്ച മാതൃകയാണ്.
സംസ്ഥാനത്തെ മനുഷ്യാകാശ ലംഘനങ്ങൾക്കെതിരെ നിരന്തരം കൈചൂണ്ടിയിരുന്ന അവർ
ഛത്തിസ്ഗഢിനകത്ത് -ഒരു രാഷ്ട്രീയ ഓര്‍മ്മ, സുഖ്‌വാസിന്‍ - ഛത്തിസ്ഗഢിലെ അഭയാർഥി സ്ത്രീകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചു. മഹാരാഷ്ട്രയിലെ വാര്‍ധയിലെ മഹാത്മാഗാന്ധി ഇൻറർനാഷനൽ ഹിന്ദി യൂനിവേഴ്സിറ്റിയില്‍ അധ്യാപികയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.