ചെന്നൈ: കരുണാനിധിയുടെ ചികിത്സാവേളയിൽ രാജ്യസഭാംഗമായ കനിമൊഴിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ആരോപിച്ച് ഡി.എം.കെ നിർവാഹക സമിതി അംഗമായ അഡ്വ. ആർ.ജെ. ശെൽവനായകം ചെന്നൈ സിറ്റി പൊലീസിൽ പരാതി നൽകി. കനിമൊഴിയുടെ പേരിൽ വ്യാജ ട്വിറ്റർ, ഫേസ്ബുക്ക് പേജുകൾ വഴിയാണ് തെറ്റായ പ്രചാരണം നടക്കുന്നത്.
കരുണാനിധിയെ സന്ദർശിക്കാനെത്തിയ ഹിന്ദുമക്കൾ കക്ഷി പ്രസിഡൻറ് അർജുൻ സമ്പത്ത് കൊണ്ടുവന്ന ക്ഷേത്രപ്രസാദം കനിമൊഴി തട്ടിത്തെറിപ്പിച്ചതായും ആത്മീയ നേതാക്കളാരും കരുണാനിധിയെ സന്ദർശിക്കാൻ വരേണ്ടതില്ലെന്നുംപോലുള്ള കനിമൊഴിയുടെ പേരിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. കരുണാനിധി സുഖംപ്രാപിക്കുന്നതിന് പൂജാകർമങ്ങളും വഴിപാടുകളും നടത്തരുതെന്നാണ് മറ്റൊരു അറിയിപ്പ്.
മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉൾപ്പെടെ അണ്ണാ ഡി.എം.കെ നേതാക്കളെയും സംസ്ഥാന സർക്കാറിനെയും രൂക്ഷമായി വിമർശിക്കുന്ന കനിമൊഴിയുടെ വ്യാജ പ്രസ്താവനകളും വൈറലാവുന്നുണ്ട്. കരുണാനിധിയുടെ ആരോഗ്യനില മോശമായതിനുശേഷം കനിമൊഴി സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് പരാതിയിൽ അറിയിച്ചിട്ടുണ്ട്. ചെന്നൈ സിറ്റി സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.