ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പിറന്നാൾ ദിനത്തിൽ സൈനികന് വീരമൃത്യു. മധ്യപ്രദേശിലെ സാത്ന ഗ്രാമത്തിലെ കൻവീർ സിങ്ങാണ് പിറന്നാൾ ദിനത്തിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. മകന്‍റെ 23ാം പിറന്നാളിന് ആശംസകൾ അറിയിക്കാൻ കുടുംബം തയാറായി നിൽക്കെയാണ് കൻവീർ സിങ്ങിന്‍റെ മരണവാർത്തയെത്തിയത്.
കൻവീറിന്‍റെ വിളിക്കായി കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് അദ്ദേഹത്തിന്‍റെ മേധാവിയുടെ സന്ദേശമായിരുന്നു. ഷോപിയാനിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൻവീർ സിങ് കൊല്ലപ്പെട്ടുവെന്നായിരുന്നു കുടുംബത്തെ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത്.
'ഒരു മുൻ സൈനികനെന്ന നിലയിൽ അവന്‍റെ മരണത്തോട് ധൈര്യപൂർവം പ്രതികരിക്കാൻ എനിക്കായി. പക്ഷേ അവന്‍റെ അമ്മക്ക് അത് താങ്ങാനായില്ല. 2017ൽ രജ്പുത് റജിമെന്‍റിലാണ് കൻവീർ സിങ് ആദ്യമായി ജോലിക്കെത്തിയത്. രാജ്യത്തെ സേവിക്കുന്നതിനാണ് അവൻ സൈന്യത്തിൽ ചേർന്നത്. തീവ്രവാദികളെ തുരത്താനായി മകൻ ജീവത്യാഗം ചെയ്തതിൽ അഭിമാനമുണ്ടെന്നും' കൻവീർ സിങ്ങിന്‍റെ പിതാവ് രവി സിങ് പറഞ്ഞു.
ഭോപ്പാലിൽ നിന്നും 400 കിലോ.മീറ്റർ അകലെയാണ് കൻവീർ സിങ്ങിന്‍റെ ജന്മദേശം സ്ഥിതി ചെയ്യുന്നത്. കൻവീർ സിങ്ങിന്‍റെ മൃതദേഹം വെള്ളിയാഴ്ച ജന്മനാട്ടിെലത്തിക്കും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.