ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ഇഹ്സാൻ ജാഫരിയുടെ വിധവ സകിയ ജാഫരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ നിയമയുദ്ധത്തിന് സഹായിച്ചതിന് അറസ്റ്റിലായ ടീസ്റ്റ സെറ്റൽവാദിനും മലയാളിയായ മുൻ ഐ.പി.എസ് ഓഫിസർ ആർ.ബി. ശ്രീകുമാറിനും ഐക്യദാർഢ്യവുമായി യുവജനങ്ങളും ആക്ടിവിസ്റ്റുകളും ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, അജയ് മാക്കൻ, വിനീത് പുനിയ, മനുഷ്യാവകാശ പ്രവർത്തകരായ ഗൗഹർ റാസ, ജോൺ ദയാൽ, ശബ്നം ഹാശ്മി തുടങ്ങി നിരവധി പേർ പ്രതിഷേധത്തിൽ പങ്കാളികളായി.
ടീസ്റ്റ സെറ്റൽവാദിന് പിന്തുണയുമായി എല്ലാ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം കോൺഗ്രസുമുണ്ടാകുമെന്ന് എ.ഐ.സി.സി വക്താവ് ജയറാം രമേശ് പറഞ്ഞു. ടീസ്റ്റയുടെ അറസ്റ്റിനെതിരാണ് കോൺഗ്രസ്. ശബ്ദം ഉയർത്തുന്നവരെല്ലാം അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്ത് സംജാതമായിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് കുറ്റപ്പെടുത്തി. സർക്കാറിന്റെ തെറ്റായ ചെയ്തികൾക്കെതിരെ വിരൽചൂണ്ടേണ്ടത് ഓരോ പൗരന്‍റെയും അവകാശമാണെന്നും ജയ്റാം രമേശ് ഓർമിപ്പിച്ചു.
ആരെങ്കിലും നീതി ചോദിച്ച് കോടതിയിൽ പോയാൽ അവരെ കാത്തിരിക്കുന്നത് ഈ ഗതിയായിരിക്കുമെന്നതാണ് ഇരുവരുടെയും അറസ്റ്റിലൂടെ മോദി സർക്കാർ നൽകുന്ന മുന്നറിയിപ്പെന്ന് ശാസ്ത്രജ്ഞനും മനുഷ്യാവകാശ പ്രവർത്തകനുമായ ഗൗഹർ റാസ ഓർമിപ്പിച്ചു. രാജ്യത്തെ മുസ്ലിംകൾക്ക് വേണ്ടി ഇനിയാരും എഴുന്നേറ്റ് നിൽക്കരുത് എന്നതാണ് രണ്ടാമത്തെ മുന്നറിയിപ്പ്. ഭാവിയിൽ ഏതൊരു മുഖ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് ജയിക്കാൻ കലാപം നടത്താമെന്നും അത് തങ്ങൾക്ക് നിയന്ത്രിക്കാനായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനും വഴിയൊരുക്കുന്നതുമാണ് സുപ്രീംകോടതി വിധിയെന്നും ഗൗഹർ റാസ കുറ്റപ്പെടുത്തി.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് മൈമൂന മൊല്ല, ഡൽഹി സർവകലാശാല പ്രഫസർ അപൂർവാനന്ദ്, ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് ബാലാജി, ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് ബാലാജി, വെൽഫെയർ പാർട്ടി അഖിലേന്ത്യ സെക്രട്ടറി റസാഖ് പാലേരി, അൻഹദ്, ഐസ, എസ്.എഫ്.ഐ എന്നിവയുടെ പ്രതിനിധികൾ തുടങ്ങി നിരവധി പേർ പ്രതിഷേധത്തിൽ പങ്കാളികളായി.
മുംബൈ: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, മുൻ ഗുജറാത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവരുടെ അറസ്റ്റിനെതിരെ മുംബൈയിലും പ്രതിഷേധം. എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളാണ് തിങ്കളാഴ്ച ദാദർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ടീസ്റ്റക്ക് എതിരായ വേട്ട അവസാനിപ്പിക്കുക, മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് ഞങ്ങളെതിര്, മതേതര ഇന്ത്യക്കുവേണ്ടി പ്രതിരോധ ശബ്ദമുയർത്തുക തുടങ്ങിയ ബാനറുകളുമായാണ് നൂറുകണക്കിന് ആളുകൾ പങ്കെടുത്തത്.
പതിറ്റാണ്ടുകളായി തങ്ങളുടെ ഭാഗമായ പത്രപ്രവർത്തക കൂടിയായ ടീസ്റ്റയുടെ അറസ്റ്റിൽ നടുക്കവും ആശങ്കയും രേഖപ്പെടുത്തി മുംബൈ പ്രസ് ക്ലബ് പ്രസ്താവന ഇറക്കി. വർഗീയ കലാപങ്ങളിലെ ഇരകൾക്കുവേണ്ടി പ്രവർത്തിച്ച ടീസ്റ്റക്കെതിരെ ഭരണകൂടവും ജുഡീഷ്യറിയും അഴിച്ചുവിട്ട പ്രതികാര നടപടിയാണ് ഇതെന്ന് അഭിപ്രായപ്പെട്ട അവർ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.