ഐസ്വാൾ/ജമ്മു: മണിപ്പൂരിൽ കുക്കി സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയൽസംസ്ഥാനമായ മിസോറമിന്റെ വിവിധ പ്രദേശങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി. ഇതിനു പുറമെ, ജമ്മു-കശ്മീർ, ചണ്ഡിഗഢ് എന്നിവിടങ്ങളിലും മണിപ്പൂർ അതിക്രമങ്ങൾക്കെതിരെ റാലികൾ അരങ്ങേറി.
മിസോറമിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ തലസ്ഥാനമായ ഐസ്വാളിൽ നടന്ന റാലിയിൽ മിസോറം മുഖ്യമന്ത്രി സൊറാംതാങ, ഉപമുഖ്യമന്ത്രി സി.എം. ടാൻല്യൂയ, മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ അണിനിരന്നു. മണിപ്പൂരിലെ അക്രമങ്ങളെ അപലപിക്കുന്ന പ്ലക്കാർഡുകളേന്തി ജനങ്ങൾ നടത്തിയ റാലികൾ സമാധാനപരമായിരുന്നു.
സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തവിധം ജനപങ്കാളിത്തമുള്ള റാലിയായിരുന്നു ചൊവ്വാഴ്ച ഐസ്വാളിൽ നടന്നത്. സംസ്ഥാനം ഭരിക്കുന്ന എം.എൻ.എഫിനു പുറമെ, പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പി, കോൺഗ്രസ് എന്നിവയും റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് തങ്ങളുടെ ഓഫിസുകൾ അടച്ചിട്ടു. കലാപത്തിന്റെ ഇരകൾക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വനിതകളെ നഗ്നരാക്കി നടത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അക്രമം അവസാനിപ്പിക്കാൻ കേന്ദ്രം മുന്നിട്ടിറങ്ങണമെന്ന് കോ ഓർഡിനേറ്റിങ് കമ്മിറ്റി അധ്യക്ഷൻ ആർ. ലാങ്ങേത്ത പറഞ്ഞു.
മണിപ്പൂരിലെ കുക്കി വിഭാഗവുമായും ബംഗ്ലാദേശ് ചിറ്റഗോങ് കുന്നുകളിലെ കുക്കി-ചിൻ വിഭാഗവുമായും മ്യാന്മറിലെ ചിൻ വിഭാഗവുമായും വംശീയമായി സഖ്യമുള്ളവരാണ് മിസോറമിലെ മിസോ വിഭാഗക്കാർ. ‘സോ’കൾ എന്നാണ് ഈ വിഭാഗങ്ങൾ മൊത്തത്തിൽ അറിയപ്പെടുന്നത്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു, ജെ-കെ. കിസാൻ തെഹ്രീക് സംഘട നകളുടെ നേതൃത്വത്തിൽ ജമ്മുവിൽ റാലി സംഘടിപ്പിച്ചു.
പഞ്ചാബിലെ ചണ്ഡിഗഢിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി നടത്തിയ പ്രതിഷേധപ്രകടനത്തെ നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.