മുംബൈ: ബി.ജെ.പിക്കൊപ്പം ചേരാൻ ചില 'അഭ്യുദയകാംക്ഷികൾ' തന്നെ നിർബന്ധിക്കുന്നുണ്ടെന്നും എന്നാൽ അതൊരിക്കലും സംഭവിക്കില്ലെന്നും എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. ബി.ജെ.പിയുമായുള്ള ഒരുതരത്തിലുള്ള കൂട്ടുകെട്ടും എൻ.സി.പിയുടെ രാഷ്ട്രീയാദർശത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
അജിത് പവാറിനൊപ്പം ബി.ജെ.പി പക്ഷത്തേക്ക് പോയ എൻ.സി.പി വിമതർ തങ്ങളുടെ നേതാക്കളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന സൂചന ശരദ് പവാർ നൽകി. 'ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ചിലർ വ്യത്യസ്തമായ നിലപാട് സ്വീകരിച്ച് പോയിട്ടുണ്ട്. ഞങ്ങളുടെ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്നാണ് ചില 'അഭ്യുദയകാംക്ഷികൾ' നോക്കുന്നത്. എൻ.സി.പി ബി.ജെ.പിയോടൊപ്പം പോകില്ലെന്ന് ദേശീയ അധ്യക്ഷനെന്ന നിലയിൽ ഞാൻ വ്യക്തമാക്കുകയാണ്' -പവാർ പറഞ്ഞു.
വിമത ശബ്ദമുയർത്തി പാർട്ടിവിട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും തന്‍റെ അനന്തരവനുമായ അജിത് പവാറുമായി ശനിയാഴ്ച പുണെയിൽ ശരദ് പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് വാർത്തയായ പശ്ചാത്തലത്തിൽ കൂടിയാണ് ബി.ജെ.പിക്കൊപ്പം പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
'അജിത് പവാർ എന്‍റെ അനന്തരവനാണ്. ഞാൻ അനന്തരവനെ കാണുന്നതിൽ എന്താണ് കുഴപ്പം. കുടുംബത്തിലെ ഒരു മുതിർന്നയാൾക്ക് മറ്റൊരംഗത്തെ കാണണമെന്ന് തോന്നി. അത്രമാത്രമേയുള്ളൂ' -അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങൾ എൻ.സി.പി-ശിവസേന-കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡി സഖ്യത്തെ തന്നെ ഭരണചുമതലയേൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.