മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ട മേയ് നാലിനാണ് ഇംഫാലിൽ മെയ്തേയി വിഭാഗം വാഹനം തടഞ്ഞ് കുക്കി വംശജനായ ബി.ജെ.പി എം.എൽ.എയെ അതിക്രൂരമായി ആക്രമിച്ചത് വുങ്‌സാഗിൻ വാൾട്ടെ എം.എൽ.എയാണ് ക്രൂരമർദനമേറ്റ് ഒരുവശം തളർന്ന് അവശനിലയിലായത്. ആക്രമണശേഷം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം.എൽ.എ ഇപ്പോഴും അവശനിലയിലാണ്.
ഡൽഹി കൽക്കാജി എക്സ്റ്റൻഷനിലെ ഇടുങ്ങിയ വാടക അപ്പാർട്ട്‌മെന്റിൽ കഴിയുന്ന എം.എൽ.എയും കുടുംബവും 30,000 രൂപ മാസവാടക കൊടുക്കാൻ പോലും തങ്ങൾ കഷ്ടപ്പെടുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. മകൻ ജോസഫ് വാൾട്ടെയാണ് പിതാവിന്‍റെ സഹായിയായി ഒപ്പമുള്ളത്.
ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ വുങ്‌സാഗിൻ വാൽട്ടെയെ വിമാനമാർഗം ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ രണ്ടുമാസത്തിലേറെ നീണ്ടുനിന്ന ചികിത്സക്ക് ശേഷം മൂന്നാഴ്ച മുമ്പാണ് ഡിസ്ചാർജ് ചെയ്തത്. ഇപ്പോഴും കിടക്കയിൽനിന്ന് പരസഹായമില്ലാതെ എഴുന്നേൽക്കാനും സംസാരിക്കാനുമൊന്നും എം.എൽ.എക്ക് ആകുന്നില്ല. ഭക്ഷണം കഴിക്കൽ, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കൽ എന്നിവക്കെല്ലാം ഭാര്യ മൊയ്‌നു വാൾട്ടെയോ മകൻ ജോസഫ് വാൾട്ടെയോ സഹായിക്കണം.
‘അവർ നമ്മളെ മൃഗങ്ങളെപ്പോലെ വേട്ടയാടി, വിദേശികളെന്ന് വിളിച്ചു’
‘എന്റെ പിതാവിന്‍റെ ആരോഗ്യം ദിനംപ്രതി മെച്ചപ്പെട്ടുവരുന്നുണ്ട്. പക്ഷേ പുരോഗതി വളരെ മന്ദഗതിയിലാണ്’ -വുങ്‌സാഗിൻ വാൾട്ടെയുടെ മകൻ 29 കാരനായ ജോസഫ് വാൽട്ടെ ‘ദി ക്വിന്‍റി’നോട് പറഞ്ഞു.
മുൻ ഗോത്രവകുപ്പ് മന്ത്രി കൂടിയാണ് ഫെർസാൾ ജില്ലയിലെ തൻലോണിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ വുങ്‌സാഗിൻ വാൾട്ടെ. മേയ് നാലിന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് വിളിച്ച യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേയാണ് മെയ്തേയ് വിഭാഗം അദ്ദേഹത്തിന്റെ കാർ തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്. ആക്രമണത്തിൽ വാൾട്ടെയുടെ മുഖത്തിന്റെ പകുതി ചതഞ്ഞിരുന്നു. ഇടത് കണ്ണിന് കേടുപാടുകൾ സംഭവിച്ചു. ആഴ്ചകളോളം വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞ അദ്ദേഹത്തിന് ഫീഡിങ് ട്യൂബിലൂടെ കുഴമ്പുരൂപത്തിലുള്ള ഭക്ഷണമാണ് നൽകിയിരുന്നത്. ഇപ്പോൾ ഫീഡിങ് ട്യൂബും മറ്റും നീക്കം ചെയ്‌തെങ്കിലും ഇടതുവശം തളർന്ന നിലയിലാണ്. പിതാവിന്‍റെ മുഖത്തിന്റെയും തലയോട്ടിയുടെയും ഇടതുഭാഗം തിരിച്ചറിയാനാകാത്ത വിധത്തിൽ തകർന്നിരുന്നതായും മകൻ ജോസഫ് പറയുന്നു.
‘ബി.ജെ.പിയിലെ ഉന്നത നേതാക്കൾ സന്ദർശിക്കാത്തതിൽ നിരാശയില്ല'
‘എന്റെ പിതാവ് ആശുപത്രിയിൽ കഴിയുന്ന സമയത്ത്, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രിയായ ജി കിഷൻ റെഡ്ഡി ആശുപത്രി സന്ദർശിച്ചിരുന്നു. മണിപ്പൂരിലെയും മിസോറാമിലെയും ചില എം.പിമാർക്കൊപ്പം മണിപ്പൂർ ബി.ജെ.പി പ്രസിഡന്റും വിദ്യാഭ്യാസ മന്ത്രിയും ആശുപത്രിയിൽ വന്നു’-ജോസഫ് പറഞ്ഞു.
പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുൾപ്പെടെയുള്ള ഉന്നത നേതൃത്വം കാണാനെത്താത്തത് തന്നെ നിരാശപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അവർ ലോക്‌സഭയിലെ തിരക്കുകളിലാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ അവർ മണിപ്പൂർ വിഷയത്തിൽ ശക്തമായി ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യുമെന്നാണ് എന്റെ ഏക പ്രതീക്ഷ. ഞങ്ങളുടെ മെയ്തേയ് അയൽവാസികളുടെ അടുത്തേക്ക് തിരികെപ്പോവുക ഇനി ബുദ്ധിമുട്ടാണ്. അവർ ഞങ്ങളെ മൃഗങ്ങളെപ്പോലെ വേട്ടയാടി. അതിനാൽ ഒരുമിച്ച് നിൽക്കാൻ പ്രയാസമാണ്. ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന എല്ലാ സർക്കാർ ഉദ്യോഗസ്ഥരും വേഗത്തിലുള്ള പരിഹാരം മുന്നോട്ട് വയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’-ജോസഫ് പറഞ്ഞു.
“പിതാവിന് സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു. ആശുപത്രിയിൽ മൂന്ന് മാസത്തോളം കിടന്നു. മുഖത്തിന്റെ രൂപം ശരിയാക്കാൻ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി. ടൈറ്റാനിയം പ്ലേറ്റ് വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. തലയോട്ടിക്ക് ക്ഷതമേറ്റതിനാൽ ശരീരത്തിന്റെ ഇടതുഭാഗം തളർന്നിരിക്കുകയാണ്. 24 മണിക്കൂറും ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കണം. ദിവസം അര ഡസനിലധികം മരുന്നുകൾ കഴിക്കണം. ഈ അവസ്ഥയിൽ അച്ഛനെ കാണുന്നത് വേദനാജനകമാണ്” -ജോസഫ് പറഞ്ഞു.
‘പതാകയെയും ദേശീയഗാനത്തെയും ഞങ്ങൾ ബഹുമാനിക്കുന്നു’
കുക്കികളെ ‘വിദേശികളും’ ‘അനധികൃത കുടിയേറ്റക്കാരും’ എന്ന് വിളിക്കുന്നതിനോടും ജോസഫ് പ്രതികരിച്ചു. മണിപ്പൂരിലെ മൂന്ന് വലിയ സമുദായങ്ങളിൽ -മെയ്തികൾ, നാഗകൾ, കുക്കി-സോമികൾ- ഒരിക്കലും ഇന്ത്യയിൽനിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടാത്ത ഒരേയൊരു സമുദായമാണ് കുക്കികളുടേതെന്ന് അദ്ദേഹം പറഞ്ഞു.
‘ഞാൻ ഇംഫാലിലാണ് ജനിച്ചത്. അതിനാൽ, കുക്കി-സോമി സമൂഹത്തെ ആരെങ്കിലും ‘വിദേശി’ എന്ന് വിളിക്കുമ്പോൾ, അത് എനിക്ക് ശരിക്കും സങ്കടമുണ്ടാക്കുന്നു’-ജോസഫ് കൂട്ടിച്ചേർത്തു.
’ഒറ്റരാത്രികൊണ്ട് ഞങ്ങളുടെ ജീവിതം മാറിമറിഞ്ഞു’
അച്ഛൻ ആക്രമിക്കപ്പെട്ട ദിവസം ഒറ്റരാത്രികൊണ്ട് തങ്ങളുടെ ജീവിതം മാറിമറിഞ്ഞു. ഉടുതുണിയുമായി ഇംഫാലിലെ വീടുവിട്ടിറങ്ങേണ്ടി വന്നതായും ജോസഫ് പറയുന്നു. “എന്റെ അമ്മാവന്റെ വീട് കൊള്ളയടിക്കപ്പെട്ടു… ഞങ്ങൾ ഒരു പേടിസ്വപ്നം പോലെയാണ് ജീവിക്കുന്നത്. പിതാവിന്റെ ചികിത്സയ്ക്കായി ഓരോ മാസവും ലക്ഷത്തിലേറെ രൂപ വേണം. അദ്ദേഹം പൂർണമായി സുഖം പ്രാപിക്കുമെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രതീക്ഷ. എന്നാൽ അതിന് സമയമെടുക്കും’ -ജോസഫ് പറഞ്ഞു. ജോസഫിന്റെ മൂന്ന് മക്കളെയും ഡൽഹിയിലെ സ്‌കൂളിലേക്ക് മാറ്റിച്ചേർത്തിരിക്കുകയാണ്.
“ഞങ്ങൾ എല്ലാം ദൈവത്തിനു വിട്ടുകൊടുത്തിരിക്കുകയാണ്. എന്റെ ഭർത്താവിനൊപ്പം മണിപ്പൂരിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഈ നാളുകളിൽ ഞാൻ സ്വപ്നം കാണുന്നത് അതുമാത്രമാണ്. പൊതുപ്രവർത്തനരംഗത്തിൽ സജീവമായിരുന്ന അദ്ദേഹം 27 വർഷമായി ഒരു ദിവസം പോലും അവധി എടുത്തിരുന്നില്ല. എന്നാൽ, ഇപ്പോൾ മൂന്നുമാസമായി കിടന്ന കിടപ്പിൽ തന്നെയാണ്’ -എം.എൽ.എയുടെ ഭാര്യ മൊയ്‌നു പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.