ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു. മൂന്ന് മണിക്കൂറാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണിയയെ ചോദ്യം ചെയ്തത്.
കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് 12 മണിയോടെ പ്രിയങ്ക ഗാന്ധിക്കൊപ്പം വാഹനത്തിലാണ് ഇ.ഡി ഓഫീസിൽ സോണിയ എത്തിയത്. സോണിയയെ പാർട്ടി എം.പിമാരും പ്രവർത്തക സമിതിയംഗങ്ങളും മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരും അനുഗമിച്ചു. ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ച എം.പിമാർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സോണിയ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്ന സമയം കോൺഗ്രസ് ആസ്ഥാനത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികൾ കോൺഗ്രസ് സംഘടിപ്പിച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ച കോൺഗ്രസ്, മഹിള കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.
നേരത്തെ രണ്ടു തവണ ഇ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് ചൂണ്ടിക്കാട്ടി കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ആദ്യം ജൂൺ എട്ടിന് നോട്ടീസ് നൽകിയപ്പോൾ സോണിയക്ക് കോവിഡ് ബാധിച്ചു. തുടർന്ന് ജൂൺ 23ന് നൽകിയപ്പോൾ, കോവിഡ് ചികിത്സാനന്തരം ശ്വാസകോശ അണുബാധയുണ്ടായി അവർ വീട്ടിൽ വിശ്രമത്തിലായിരുന്നു. എന്നാൽ, നാലാഴ്ചക്ക് ശേഷം ഹാജരാകാമെന്ന് അന്ന് സോണിയ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് വീണ്ടും നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.