ബംഗളൂരു: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ പുകഴ്ത്തി കന്നഡ നടി രമ്യ എന്ന ദിവ്യ സ്പന്ദന. 'സോണിയ ഇറ്റാലിയൻ വംശജയായിരിക്കാം, പക്ഷേ അവർ മിക്ക ഇന്ത്യക്കാരെക്കാളും മികച്ച ഇന്ത്യക്കാരിയാണ്' -എന്ന് രമ്യ ട്വീറ്റ് ചെയ്തു. കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം മുൻ മേധാവിയായിരുന്നു രമ്യ.
കർണാടകയിൽ പര്യടനം നടത്തിയ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രമ്യ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ താൽപര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി താരം ട്വീറ്റ് ചെയ്തിരുന്നു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ മല്ലികാർജുൻ ഖാർഗെയെ ട്വീറ്റിലൂടെ രമ്യ അഭിനന്ദിച്ചിരുന്നു. 'കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ബി.സി.സി.ഐ അധ്യക്ഷൻ റോജർ ബിന്നിക്കും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനും (കർണാടകയുടെ മരുമകൻ) ഇന്ത്യൻ ബോക്സ് ഓഫിസ് അടക്കി വാഴുന്ന കാന്താര സിനിമക്കും അഭിനന്ദനങ്ങൾ. കന്നഡക്കാരും കർണാടകയുടെ പതാകയും ഉയർന്നു പറക്കട്ടെ' -എന്നായിരുന്നു രമ്യയുടെ ട്വീറ്റ്.
രമ്യ മാണ്ഡ്യ ലോക്സഭയിൽ നിന്നുള്ള കോൺഗ്രസ് എം.പിയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിലെ പരാജയത്തിന് പിന്നാലെ രാഷ്ട്രീയരംഗം വിട്ട രമ്യ കോൺഗ്രസുമായി അകലം പാലിച്ചു. എന്നാൽ, രമ്യയുടെ അടുത്തിടെയുള്ള ട്വീറ്റുകൾ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരാനുള്ള സൂചനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.