സിഗററ്റി​​െൻറ ചില്ലറ വിൽപ്പന കേന്ദ്രസർക്കാർ നിരോധി​ച്ചേക്കും

 സിഗററ്റ് വിൽപനയിൽ നിയ​ന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. പുകയില വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഒരു സിഗററ്റ് മാത്രമായി വിൽക്കുന്നത് നിരോധിക്കാനാണ് തീരുമാനം. ഒരു സിഗററ്റ് മാത്രമായി വാങ്ങുന്നവരാണ് കൂടുതൽ. ഇൗ പ്രവണത പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിനു പ്രയാസം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി പുതിയ നിലപാടെടുത്തതെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച ശുപാർശ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നൽകിയെന്നാണറിയുന്നത്.

വിമാനത്താവളങ്ങളിൽ നിലവിലുള്ള സ്മോക്കിങ് സോണുകൾ എടുത്തുകളയാനും ശുപാർശയുണ്ട്. പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ ഇന്ത്യ 75% ജിഎസ്ടി ഏർപ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടന മാർഗനിർദേശത്തിൽ പറയുന്നത്. നിലവിൽ 53 ശതമാനമാണ് സിഗററ്റിന്റെ ജിഎസ്ടി. ബിഡിക്ക് 22%, പുകരഹിത പുകയിലയ്ക്ക് 64% എന്നിങ്ങനെയാണ് കണക്ക്.

ഇക്കാര്യത്തിൽ ബജറ്റ് സമ്മേളനത്തിനു മുൻപുതന്നെ കേന്ദ്രം തീരുമാനം എടുത്തേക്കും. മൂന്നു വർഷം മുൻപ് ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശപ്രകാരം ഇ–സിഗററ്റുകളുടെ വിൽപ്പനയും ഉപയോഗവും കേന്ദ്രം നിരോധിച്ചിരുന്നു. പുകവലിയിലൂടെ 3.5 ലക്ഷം പേർ എല്ലാ വർഷവും ഇന്ത്യയിൽ മരണമടയുന്നുവെന്നാണ് കണക്ക്. പുകവലിക്കുന്നവരിൽ 46% പേർ നിരക്ഷരരും 16% പേർ കോളജ് വിദ്യാർഥികളും ആണെന്ന് നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ സർവേയിൽ പറയുന്നു. നിലവിൽ രാജ്യത്ത് പൊതുവിടങ്ങളിൽ പുകവലി നിരോധിച്ചിരിക്കുകയാണ്. ലംഘിച്ചാൽ പരമാവധി 200 രൂപ പിഴയീടാക്കുന്നത്. 

Tags:    
News Summary - Soon, you can't buy single cigarette. Government may take BIG decision before budget session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.