sourav ganguly

അനധികൃതമായി ഭൂമി അനുവദിച്ചു; സൗരവ് ഗാംഗുലിക്കും സർക്കാറിനും പിഴ

കൊൽക്കത്ത: ബി.സി.​സി.ഐ അധ്യക്ഷൻ സൗരവ്​ ഗാംഗുലിക്കും ബംഗാൾ സർക്കാറിനും കൽക്കട്ട ഹൈകോടതി പിഴ ചുമത്തി. ന്യൂടൗൺ പ്രദേശത്ത്​ ഗാംഗുലിക്ക്​ സ്​കൂൾ നിർമിക്കാനായി പശ്ചിമ ബംഗാൾ സർക്കാറും വെസ്റ്റ്​ ബംഗാൾ ഹൗസിങ്​ ഇൻഫ്രസ്​ട്രെക്​ചർ ഡെവലപ്​മെന്‍റ്​ കോർപറേഷനും അനധികൃതമായി ഭൂമി അനുവദിച്ചുവെന്ന്​ കാണിച്ചാണ്​ വിധി.

ഇന്ത്യൻ ക്രിക്കറ്റ്​ ടീം മുൻ നായകനായ ഗാംഗുലി​ 10,000 രൂപയും സംസ്​ഥാന സർക്കാറും വെസ്റ്റ്​ ബംഗാൾ ഹൗസിങ്​ ഇൻഫ്രസ്​ട്രെക്​ചർ ഡെവലപ്​മെന്‍റ്​ കോർപറേഷനും അരലക്ഷം രൂപ വീതവുമാണ്​ പിഴ ഒടുക്കേണ്ടത്​. നാലാഴ്ചക്കകം തുക വെസ്റ്റ്​ ബംഗാൾ ലീഗൽ സർവീസ്​ അതോറിറ്റിയിൽ നിക്ഷേപിക്കണമെന്ന്​ ആക്​ടിങ്​ ചീഫ്​ ജസ്റ്റിസ്​ രാജേഷ്​ ബിൻഡാലും ജ. അർജിത്​ ബാനർജിയുമടങ്ങുന്ന ബെഞ്ച്​ വിധി പുറപ്പെടുവിച്ചു.

കുറ്റക്കാരായ ഉദ്യോഗസ്​ഥരിൽ നിന്ന് സർക്കാർ ​തുക ഈടാക്കണമെന്ന്​ കോടതി നിർദേശിച്ചു. ഭൂമി തിരികെ നൽകിയെങ്കിലും സുപ്രീം കോടതി നിർദ്ദേശിച്ച നിയമത്തിന് വിരുദ്ധമായി അധികാര ദുർവിനിയോഗത്തിലൂടെ വ്യവഹാരങ്ങൾ നടത്തിയതിനാണ്​ പിഴ വിധിച്ചതെന്ന്​ കോടതി പറഞ്ഞു.

ഭൂമി അനുവദിക്കുന്നത് സുപ്രീം കോടതി റദ്ദാക്കിയ വിധി പരിഗണിച്ച്​ ഗാംഗുലി എജ്യുക്കേഷൻ ആൻഡ്​ വെൽഫയർ സൊസൈറ്റി നിയമാനുസൃതമായി പ്രവർത്തിക്കണമായിരുന്നുവെന്ന്​​ കോടതി പറഞ്ഞു. ന്യൂടൗണിൽ ഗാംഗുലിക്ക്​ രണ്ടേക്കർ ഭൂമി അനുവദിച്ചതിനെ ചോദ്യം ചെയ്​ത്​ 2016ൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ്​ കോടതി വാദം കേട്ടത്​. 

Tags:    
News Summary - Sourav Ganguly bengal government fined for irregular allotment of land by Calcutta High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.