അമിത്കുമാർ യാദവ് പറയുകയായിരുന്നു: ‘‘കഴിഞ്ഞ തവണ മോദിക്കാണ് ഞാൻ വോട്ടു ചെയ്തത്. ഇ ത്തവണ കൊടുക്കില്ല.’’ സാധാരണ കച്ചവടക്കാരെൻറ മുഖത്ത് അമർഷവും നിരാശയുമുണ്ട്. കേന്ദ ്രവും സംസ്ഥാനവും ബി.ജെ.പിയാണ് ഭരിക്കുന്നത്. അധികാരമില്ലാത്ത സമയത്ത് ബി.ജെ.പിക്ക് വോ ട്ടുചെയ്ത അമിതിന് ഇപ്പോൾ അങ്ങനെ തോന്നാൻ എന്താണ് കാരണം? ആ ചോദ്യത്തിനു മുന്നിൽ ഒറ്റ വാക്കിൽ യുവാവ് കാര്യം പറഞ്ഞു: ‘‘വശം കെടുത്തി.’’ പിന്നെ വിശദീകരിച്ചു: പറഞ്ഞതൊന്നും മോദ ി നടപ്പാക്കിയില്ല. ഭരണപരിഷ്കാരത്തിെൻറ പേരിൽ കുറെയേറെ കഷ്ടപ്പെടുത്തുകയും ചെയ ്തു. സർക്കാറിൽനിന്ന് ഒന്നും കിട്ടിയില്ല; സമാധാനവുമില്ല.
അപ്പോൾ ഇത്തവണ ആർക്കാണ ് വോട്ട്? ആ ചോദ്യത്തിനും മറയില്ലാതെ മറുപടി വന്നു. ‘സപ’ക്ക് (സമാജ്വാദി പാർട്ടി) വോട് ടു കൊടുക്കും. അതിനാണ് ഞങ്ങളുടെയൊക്കെ തീരുമാനം. ‘ഞങ്ങൾ’ ആരാണെന്ന് അറിയാൻ അമിത്കുമാറിെൻറ പേരിെൻറ വാലറ്റം ശ്രദ്ധിച്ചാൽ മതി. യാദവ വോട്ട് യാദവർക്ക്. മോദി ആകർഷിച്ച യാദവർ യു.പിയിലെ പതിവ് ജാതിരാഷ്ട്രീയത്തിലേക്ക്, അഖിലേഷ് യാദവ് നയിക്കുന്ന സമാജ്വാദി പാർട്ടിയിലേക്ക് മടങ്ങുകയാണ്. ഇത് അമിത്കുമാർ മാത്രമല്ല, വാലറ്റം യാദവന്മാരായ ഒട്ടു മിക്കവരുടെയും കാഴ്ചപ്പാടാണ്.
യാദവ സ്നേഹം മാത്രമല്ല, അതിനു കാരണം. കൃഷിക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും പിന്നാക്ക, ന്യൂനപക്ഷങ്ങളുടെയുമെല്ലാം പൊതുവികാരം അതാണ്. മധ്യവർഗ വികാരം പക്ഷേ, ബി.െജ.പിക്കു ചുറ്റും കറങ്ങുന്നു. സൈനിക കരുത്തും ഇൻറർനെറ്റ് സൗകര്യങ്ങളുമൊക്കെയാണ് വർഗീയ വികാരത്തിെൻറ അകമ്പടിയോടെ അവരെ ഭരിക്കുന്നത്.
ഇതിനെല്ലാമിടയിൽ യു.പിയിൽ ശക്തമായി നുരയുന്നത് ‘വശം കെടുത്തി’യതിെൻറ അമർഷമാണ്.
ബി.ജെ.പിക്ക് ഉള്ളിലുമുണ്ട് അമർഷം. ബ്രാഹ്മണരും മറ്റു സവർണ വിഭാഗങ്ങളും അകലം പാലിച്ചു നിൽക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും അവഗണിക്കുന്നുവെന്ന വികാരമാണ് അവരെ ഭരിക്കുന്നത്. മുരളി മനോഹർ ജോഷിയെപ്പോലുള്ളവർ തഴയപ്പെടുകയും യോഗിയുടെ ഠാകുർ കുലം ഭരിക്കുകയും ചെയ്യുന്നതിെൻറ അസഹനീയത ഒരുവശത്ത്. ഗുജറാത്തി വ്യവസായികളും കരാറുകാരുമൊക്കെ യു.പിയിൽ ആധിപത്യം ഉറപ്പിക്കുകയും തദ്ദേശ പ്രമാണിമാരും പരമ്പരാഗത വ്യവസായികളും ഒതുക്കപ്പെടുകയും ചെയ്യുന്നതിെൻറ ആശങ്ക മറുവശത്ത്. മോദിക്കാറ്റ് വീശിയ 2014ലെ തെരഞ്ഞെടുപ്പിൽനിന്നു ഭിന്നമായി മോദിക്ക് രണ്ടാമൂഴം നൽകണമെന്ന വികാരത്തിന് ശക്തി ചോർന്നു. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായ യു.പിയിൽ ഇത്തരത്തിൽ ശക്തമായ അടിയൊഴുക്കുകളുണ്ട്.
അത് പ്രതിപക്ഷ പാർട്ടികൾക്ക് എത്രത്തോളം ആവാഹിക്കാൻ കഴിയുമെന്നതിനെ ആശ്രയിച്ചാവും യു.പിയിലെ ഫലം. ഇനി രണ്ടു ഘട്ടങ്ങളിലായി 80ൽ 27 മണ്ഡലങ്ങളിലെ വോെട്ടടുപ്പ് ബാക്കിനിൽക്കേ, ബി.ജെ.പി നേരിടുന്ന തിരിച്ചടിയുടെ ആഴം എത്രയെന്ന ആകാംക്ഷ വർധിച്ചു. അടിയൊഴുക്കുകൾ മറികടക്കാൻ മോദി-അമിത്ഷാമാർ നടത്തുന്ന സൂക്ഷ്മതന്ത്രങ്ങൾ പാളിയാൽ, കഴിഞ്ഞ തവണ 71 സീറ്റു പിടിച്ച ബി.ജെ.പിയുടെ സീറ്റെണ്ണം ഇക്കുറി 20നു താഴേക്ക് പോയെന്നു വരും. അതു മറികടക്കാനുള്ള കരുനീക്കങ്ങൾ ഫലം കണ്ടാൽ യു.പിയിൽ ഏറ്റവും പരിക്കേൽക്കുന്നത് മായാവതി നയിക്കുന്ന ബി.എസ്.പിക്കായിരിക്കും. ബി.ജെ.പി 40നു മേൽ സീറ്റ് നേടിയെന്നു വരും. ഇൗ രണ്ടു സാധ്യതകൾക്കും നടുവിലാണ് യു.പി.
പിന്നാക്ക വോട്ടുബാങ്കിൽ നോട്ടമിട്ട് ബി.ജെ.പി
കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പിക്കെതിരായ ശക്തമായ വികാരത്തിെൻറ നേട്ടം കൊയ്യാനുള്ള മഹാസഖ്യത്തിെൻറയും കോൺഗ്രസിെൻറയും ശ്രമങ്ങളെ അതിജീവിക്കാൻ പണക്കരുത്തും ഭരണ സ്വാധീനവും വർഗീയതയും തീവ്രദേശീയതയും തരംപോലെ യു.പിയിൽ പരീക്ഷിക്കുകയാണ് ബി.ജെ.പി. ജാതിരാഷ്ട്രീയത്തെ കടത്തിവെട്ടി ഹിന്ദുത്വത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിഷ്ഠിക്കാൻ മോദിക്ക് കഴിഞ്ഞെങ്കിൽ, ഇക്കുറി അതു നടപ്പില്ലെന്ന് ബി.ജെ.പിക്ക് േബാധ്യപ്പെട്ടിട്ടുണ്ട്. ജാതിസ്വത്വം തിരിച്ചു വരുന്നു. പിന്നാക്ക വിഭാഗങ്ങൾ മായാവതിയിലേക്കും, പ്രിയങ്കകൂടി രംഗത്തു വന്നതോടെ ചെറിയ തോതിലെങ്കിലും കോൺഗ്രസിലേക്കും പ്രതീക്ഷ വെക്കുന്നു. മറ്റു പിന്നാക്ക വിഭാഗങ്ങൾ, പ്രധാനമായും യാദവർ, സമാജ്വാദി പാർട്ടിയെതന്നെ ആശ്രയിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിംകൾക്കിടയിൽനിന്നുപോലും ബി.ജെ.പി വോട്ടു നേടിയിരുന്നെങ്കിൽ, ഇത്തവണ ന്യൂനപക്ഷ വോട്ട് ജയസാധ്യതക്ക് അനുസൃതമായി മഹാസഖ്യത്തെയോ കോൺഗ്രസിനെയോ തുണക്കുമെന്ന് വ്യക്തം.
ഇൗ സാഹചര്യങ്ങൾക്കിടയിൽ ബി.എസ്.പിയുടെ പിന്നാക്ക വോട്ടുബാങ്കിൽ കണ്ണുവെച്ചാണ് ബി.ജെ.പി കരുനീക്കം നടത്തുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭ തെരഞ്ഞെടുപ്പിലും മായാവതിയുടെ വോട്ടുബാങ്ക് ബി.ജെ.പി ചോർത്തി. ഇത്തവണയും ഏറ്റവും സ്വാധീനത്തിന് അടിപ്പെട്ടു പോയേക്കാവുന്നത് മായാവതിക്കൊപ്പമുള്ള ദലിത്, പിന്നാക്ക വോട്ടുകളാണ്. പണക്കരുത്തും ഭരണസ്വാധീനവും തരംപോലെ പ്രയോഗിച്ച് ഇൗ േവാട്ടുകൾക്കു മേൽ ബി.ജെ.പി വട്ടമിട്ടു പറക്കുന്നു. ഉൾനാടുകളിൽനിന്ന് അത് കൂടുതൽ വായിച്ചെടുക്കാം. എസ്.പിയും ബി.എസ്.പിയും ഒന്നിച്ചു നിൽക്കുന്നതിനിടയിൽ തന്നെയാണ് ഇൗ വോട്ടുചോർത്തൽ രാഷ്ട്രീയം. അതിനപ്പുറത്തെ രാഷ്ട്രീയ ബോധത്തിലേക്ക് സ്വന്തം വോട്ടുബാങ്കിനെ ചേർത്തു നിർത്താനുള്ള തീവ്രശ്രമത്തിലാണ് മായാവതി.
രാഹുലിനു പുറമെ പ്രിയങ്കകൂടി വന്നതോടെ കോൺഗ്രസിലേക്ക് മുസ്ലിം, പിന്നാക്ക വോട്ടുകളിൽ ഒരു പങ്ക് പോയേക്കാമെന്ന ആശങ്കയാണ് മായാവതിയുടെ കോൺഗ്രസ് വിരോധ പ്രസ്താവനകളിൽ നിഴലിക്കുന്നത്. ബി.ജെ.പിക്കാകെട്ട, സവർണ വോട്ടുകളിൽ ഒരു പങ്ക് പ്രിയങ്ക കളത്തിലിറങ്ങിയതോടെ കോൺഗ്രസ് തട്ടിയെടുക്കുമോ എന്ന ആശങ്കയുമുണ്ട്. പിന്നാക്ക വോട്ടു ചോർത്താനുള്ള ബി.ജെ.പിയുടെയും തടയിടാനുള്ള ബി.എസ്.പിയുടെയും ശ്രമങ്ങളുടെ ഫലപ്രാപ്തി കൂടിയായിരിക്കും യു.പിയിലെ തെരഞ്ഞെടുപ്പു ഫലം. അത് മായാവതിയുടെയും ബി.എസ്.പിയുടെയും ഭാവികൂടി നിർണയിക്കും. ബി.ജെ.പി നേടിയാൽ മായാവതിയുടെയും എസ്.പിയുടെയും കരുത്ത് വീണ്ടെടുക്കാൻ കഴിഞ്ഞെന്നുതന്നെ വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.