യു.പിയിൽ കോൺ​ഗ്രസും എസ്.പിയും സീറ്റ് ധാരണയിലെത്തി; കോൺഗ്രസ് 11സീറ്റിൽ മത്സരിക്കും

ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ സമാജ്‍വാദി പാർട്ടിയും കോൺഗ്രസും ഒരുമിച്ച് മത്സരിക്കും. സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ച് ഇരുപാർട്ടികളും ധാരണയിലെത്തി. സംസ്ഥാനത്ത് 11സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. കോൺഗ്രസിന് സ്വമേധയാ 11സീറ്റുകൾ വിട്ടുനൽകുകയായിരുന്നുവെന്ന് പാർട്ടി നേതാവ് അഖിലേഷ് യാദവ് അറിയിച്ചു.

''കോൺഗ്രസുമായുള്ള ഞങ്ങളുടെ സൗഹൃദ സഖ്യം 11 സീറ്റുകളിൽ മത്സരിക്കും. ഇതൊരു നല്ല തുടക്കമാണ്. ഇത്തരം സമവാക്യങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോകും. ഞങ്ങൾ ചരിത്രം മാറ്റിമറിക്കും.​''-എന്നായിരുന്നു ഇതുസംബന്ധിച്ച് അഖിലേഷ് യാദവിന്റെ ട്വീറ്റ്.

ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് ഇരുപാർട്ടികളും തമ്മിൽ തർക്കമുണ്ടായിരുന്നു. നിരവധി വട്ട ചർച്ചകൾക്കുശേഷമാണ് ഇരുകക്ഷികൾക്കും അനുയോജ്യമായ രീതിയിലുള്ള ധാരണയിലേക്ക് നീങ്ങാൻ സാധിച്ചത്. യു.പിയിൽ കൂടുതൽ സീറ്റുകൾ നൽകണമെന്നായിരുന്നു കോൺഗ്രസ് എസ്.പിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അതിന് അഖിലേഷ് യാദവ് തയാറായില്ല. സീറ്റിനായി കോൺഗ്രസ് മായാവതിയുമായി ചർച്ച നടത്തുന്നുണ്ടെന്നും അഖിലേഷ് ആരോപിച്ചിരുന്നു. ഒടുവിൽ ഇരുപാർട്ടികളും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തി.

യു.പിയിൽ 80 ലോക്സഭ സീറ്റുകളാണുള്ളത്. ആർ.എൽ.ഡിയുമായുള്ള സീറ്റ് വിഭജന ചർച്ചയിലും എസ്.പി നേരത്തേ ധാരണയിലെത്തിയിരുന്നു. ഏഴ് സീറ്റുകളാണ് ആർ.എൽ.ഡിക്ക് നൽകാൻ എസ്.പി തീരുമാനിച്ചത്. യു.പിയിൽ കോൺ​ഗ്രസ്, ആർ.എൽ.ഡി, എസ്.പി സഖ്യം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എസ്.പി അഞ്ചും കോൺഗ്രസ് രണ്ടും സീറ്റുകളിലാണ് വിജയിച്ചത്. ആർ.എൽ.ഡിക്ക് ഒരു സീറ്റും ലഭിച്ചില്ല.

Tags:    
News Summary - SP-Congress Seal Seat-Sharing Deal In UP For INDIA Alliance, Cong To Contest 11 Seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.