2ജി സ്‌പെക്ട്രം അഴിമതി; കേസ് ഡിസംബർ അഞ്ചിലേക്ക് മാറ്റി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജയും ഡി.എം.കെ രാജ്യസഭാ അംഗം കനിമൊഴിയും പ്രതിയായ 2ജി സ്പെക്ട്രം അഴിമതി കേസ് ഡിസംബർ അഞ്ചിലേക്ക് മാറ്റി. കേസ് ചൊവ്വാഴ്ച പരിഗണിച്ച ഡൽഹി സി.ബി.ഐ പ്രത്യേക കോടതിയാണ് ഡിസംബറിലേക്ക് മാറ്റിയത്. കോടതിയിൽ സമർപ്പിച്ച ഫയലുകൾ അനേകം ഭാഗങ്ങളുള്ളതും സാങ്കേതിക സ്വഭാവമുള്ളതിനാലും വിധി പറയാനായിട്ടില്ലെന്നും അക്കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് നീട്ടിയത്. 

സി.ബി.ഐ സ്പെഷ്യൽ ജ്ഡ്ജി ഒ.പി സൈനിയാണ് കേസ് പഠിക്കാൻ ഇനിയും ആഴ്ചകൾ വേണ്ടിവരുമെന്നും അതിനാൽ കേസ് നീട്ടിവെക്കുകയാണെന്നും അറിയിച്ചത്. അടുത്ത തവണ വിധി പുറപ്പെടുവിക്കുകയല്ല, കേസ് പരിഗണിക്കുകയാണ് ചെയ്യുകയെന്നും കോടതി നിരീക്ഷിച്ചു. 

അതേസമയം, യുനിടെക് മാനേജിങ് ഡയറക്ടർ കരീം മൊറാനി അടുത്ത തവണ കോടതിയിൽ ഹാജരാകണമെന്നും അതിനായി വാറണ്ട് പുറപ്പെടുവിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബർ 19ന് കേസിൽ വാദം പൂർത്തിയായിരുന്നു. 

എ. രാജ ഉള്‍പ്പെടെ 18 പേരാണ് കേസിലെ പ്രതികൾ. മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചതില്‍ ഒരു ലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നുവെന്ന സി.എ.ജി വിനോദ് റായിയുടെ റിപ്പോർട്ടാണ് കേസിന് വഴിവെച്ചത്.

മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്‍റെ റിപ്പോര്‍ട്ടാണ് വൻ അഴിമതി പുറം ലോകത്തെത്തിച്ചത്. ഒമ്പത് ടെലികോം കമ്പനികള്‍ക്ക് 2ജി സ്‌പെക്ട്രം ക്രമവിരുദ്ധമായി നല്‍കിയത് സര്‍ക്കാർ ഖജനാവിന് നഷ്ടം വരുത്തിയെന്നായിരുന്നു വാർത്ത. തുടർന്ന് ലേല നടപടികൾ കേന്ദ്രസർക്കാർ റദ്ദാക്കുകയും രാജ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. 

സ്‌പെക്ട്രത്തിന്‍റെ മൂല്യം നിര്‍ണയിക്കാന്‍ വിപണി അധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക (ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്) എന്ന രീതി സ്വീകരിച്ചത് ക്രമക്കേടെന്നാണ് സി.എ.ജി കണ്ടെത്തല്‍. 

Tags:    
News Summary - Special Court defers 2G spectrum case to December 5-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.