ന്യൂഡല്‍ഹി: പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷി യോഗം ഞായറാഴ് വൈകീട്ട് നടക്കും. സെപ്റ്റംബർ 18 മുതൽ 22 വരെ അഞ്ചുദിവസം നീണ്ട പ്രത്യേക സമ്മേളനത്തിന്റെ അജണ്ട അവസാന നിമിഷം പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി പുറത്തുവിട്ടെങ്കിലും സർക്കാറിന് ഗൂഢ അജണ്ടയുണ്ടെന്നാണ് പ്രതിപക്ഷം കരുതുന്നത്.
മൺസൂൺ പാർലമെന്റ് സമ്മേളനം അവസാനിച്ച് അധികം നീണ്ടുനിൽക്കാതെതന്നെ അടിയന്തര പ്രാധാന്യത്തോടെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള അജണ്ടകളൊന്നും കേന്ദ്രം പുറത്തുവിട്ടതിൽ കാണാനില്ലെന്നും പ്രതിപക്ഷ നേതാക്കൾ പറയുന്നു.
രാജ്യസഭ പാസാക്കിയ അഡ്വക്കറ്റ്സ് ഭേദഗതി ബിൽ, പ്രസ് ആൻഡ് രജിസ്ട്രേഷൻ ബിൽ, രാജ്യസഭയിൽ അവതരിപ്പിച്ച പോസ്റ്റ് ഓഫിസ് ബിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും മറ്റ് കമീഷണർമാരുടെയും നിയമനം സംബന്ധിച്ച ഭേദഗതി ബിൽ എന്നിവയാണ് ലോക്സഭയിൽ അവതരിപ്പിച്ച് പാസാക്കാനുദ്ദേശിക്കുന്നത്.
എന്നാൽ, രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാത്രമാക്കൽ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക വ്യക്തിനിയമം തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര സർക്കാർ പാർലമെന്റിൽ കൊണ്ടുവന്നേക്കുമെന്ന സൂചനയാണ് പ്രതിപക്ഷ നേതാക്കൾ നൽകുന്നത്. ഇതു സംബന്ധിച്ച് വ്യക്തത വരുത്താന്‍ സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെടും.
ഓഹരി തട്ടിപ്പ് വിഷയത്തിൽ അദാനിക്കെതിരെ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക സമ്മേളനത്തിലും പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ മുന്നണി ഇൻഡ്യ നേരത്തേ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 18ന് നിലവിലെ പാർലമെന്റിൽ സമ്മേളനം ആരംഭിച്ച് ഗണേശ ചതുര്‍ഥി ദിനമായ 19ന് പുതിയ പാര്‍ലമെന്റിലേക്ക് മാറുമെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.