ന്യൂഡൽഹി: എസ്.പി.ജി സുരക്ഷ നൽകേണ്ടവരുടെ എണ്ണം പരിമിതപ്പെടുത്തുന്ന നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. 1988ലെ എസ്.പി.ജി നിയമത്തിലെ അഞ്ചാം ഭേദഗതിയാണിത്. ഭേദഗതി ബിൽ കഴിഞ്ഞയാഴ്ച ലോക്സഭാ പാസാക്കിയിരുന്നു.
നിയമം പാസാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. നിയമം സംബന്ധിച്ച് കോൺഗ്രസ് കൂടുതൽ വിശദീകരണം തേടിയിരുന്നു. ഇതിന് തയാറാകാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഇറങ്ങിപ്പോയി.
നിയമഭേദഗതിയും ഗാന്ധി കുടുംബത്തിന് നൽകിയ എസ്.പി.ജി സുരക്ഷ പിൻവലിക്കലും തമ്മിൽ ബന്ധമില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. മുമ്പ് നടത്തിയ നാല് ഭേദഗതികളും ഗാന്ധി കുടുംബത്തിനും വേണ്ടിയായിരുന്നു. നിയമങ്ങൾ എല്ലാവർക്കും ഒരു പോലെയാകണം. ഏതെങ്കിലും ഒരു കുടുംബത്തിന് വേണ്ടി മാത്രം നിയമങ്ങൾ പാടില്ലെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി, ഔദ്യോഗിക വസതിയിൽ അദ്ദേഹത്തോടൊപ്പം താമസിക്കുന്ന ഏറ്റവുമടുത്ത കുടുംബാംഗങ്ങൾ എന്നിവർക്കാണ് നിയമഭേദഗതി പ്രകാരം എസ്.പി.ജി സുരക്ഷ ഇനി ലഭിക്കുക. മുൻ പ്രധാനമന്ത്രിമാർക്കും സ്ഥാനമൊഴിഞ്ഞ ശേഷം അഞ്ചു വർഷം സുരക്ഷ ലഭിക്കും. സർക്കാർ അനുവദിച്ച വസതിയിൽ അവർക്കൊപ്പം താമസിക്കുന്ന ഏറ്റവുമടുത്ത കുടുംബാംഗങ്ങൾക്കും ഈ കാലയളവിൽ അതിസുരക്ഷ ലഭിക്കും. ഭേദഗതി അനുസരിച്ച് എസ്.പി.ജി സുരക്ഷക്ക് നിലവിൽ അർഹത പ്രധാനമന്ത്രിക്കു മാത്രമാകും.
നെഹ്റു കുടുംബാംഗങ്ങളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ എടുത്തു കളഞ്ഞതിനു നിയമപിൻബലം നൽകുന്നതാണ് സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ് നിയമഭേദഗതി. ഇപ്പോൾ, ഇന്ത്യയിലുടനീളം കേന്ദ്ര റിസർവ് പൊലീസ് സേനയുടെ (സി.ആർ.പി.എഫ്) ‘ഇസഡ് പ്ലസ്’ സുരക്ഷയാണ് ലഭിക്കുക. ഇവരുടെ സുരക്ഷ ആഭ്യന്തരമന്ത്രാലയം വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്നും സമയാസമയങ്ങളിൽ എസ്.പി.ജി സുരക്ഷ പുനരവലോകനം ചെയ്യാറുണ്ടെന്നുമാണ് കേന്ദ്രം നൽകുന്ന വിശദീകരണം.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്‍റെ എസ്.പി.ജി കവറേജും എടുത്തു കളഞ്ഞിരുന്നു. ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമായിരിക്കും രാജ്യത്തെ ഇൗ അതിപ്രധാന സുരക്ഷാകവചത്തിൽ ബാക്കിയുണ്ടാവുക.
1984ൽ ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ് 1985ൽ 3000 അംഗങ്ങളുമായി എസ്.പി.ജി രൂപവത്കരിച്ചത്. അക്കാലത്ത് തീവ്രവാദി ഭീഷണിയുടെ നിഴലിലുണ്ടായിരുന്ന വി.വി.െഎ.പികൾക്ക് ഇൗ പരിരക്ഷ നൽകിയിരുന്നു. പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി തമിഴ്നാട്ടിൽ കൊല്ലപ്പെട്ടതിൽ പിന്നെ 1991ൽ എസ്.പി.ജി ആക്ടിൽ ഭേദഗതി വരുത്തി അദ്ദേഹത്തിെൻറ കുടുംബാംഗങ്ങളെയും ഇൗ അതിസുരക്ഷാഗണത്തിൽ ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.