മുംബൈ: സ്പൈസ്ജെറ്റിന്റെ മുംബൈ-ബംഗളൂരു വിമാനത്തിലെ യാത്രക്കാരൻ ഒരു മണിക്കൂറോളം ടോയ്ലെറ്റിൽ കുടുങ്ങി. ബംഗളൂരുവിൽ നിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ഇയാൾ ടോയ്ലെറ്റിൽ പോയത്. എന്നാൽ, ഡോറിന്റെ തകരാർ മൂലം ഇയാൾ അവിടെ കുടുങ്ങുകയായിരുന്നു.
പിന്നീട് മുംബൈയിൽ വിമാനം ലാൻഡ് ചെയ്തതിന് ശേഷം സ്പൈസ്ജെറ്റിന്റെ സാങ്കേതികവിദഗ്ധർ എത്തിയാണ് യാത്രക്കാരനെ പുറത്തെത്തിച്ചത്. സംഭവത്തിൽ യാത്രക്കാരനോട് ക്ഷമ ചോദിച്ച് സ്പൈസ്ജെറ്റ് രംഗത്തെത്തി. യാത്രക്കിടെ യാത്രക്കാരന് സാധ്യമായ സഹായമെല്ലാം നൽകിയിരുന്നുവെന്ന് വിമാനകമ്പനി അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സ്പൈസ്ജെറ്റിന്റെ എസ്.ജി 268 എന്ന വിമാനം ബംഗളൂരുവിൽ നിന്നും ടേക്ക് ഓഫ് ചൈയ്തത്. രാത്രി 10.30ന് പോകേണ്ടിയിരുന്ന വിമാനമാണ് വൈകി ടേക്ക് ഓഫ് ചെയ്തത്. ഇതിന് പിന്നാലെ 14D സീറ്റിലിരുന്ന യാത്രക്കാരൻ ബാത്ത്റൂമിൽ കുടുങ്ങുകയായിരുന്നുവെന്ന് ബംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.
ടോയ്‍ലറ്റിൽ കുടുങ്ങിയതിന് പിന്നാലെ യാത്രക്കാരൻ ഇക്കാര്യം വിമാന ജീവനക്കാരെ അറിയിച്ചു. പുറത്ത് നിന്ന് വാതിൽ തുറക്കാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിക്കാത്തതിനെ തുടർന്ന് യാത്രക്കാരനോട് ഭയപ്പെടാതെ ടോയ്ലെറ്റിൽ തന്നെ തുടരാൻ വിമാന ജീവനക്കാർ നിർദേശിക്കുകയായിരുന്നു. മുംബൈയിലെത്തി വിമാനത്തിന്റെ പ്രധാന വാതിൽ തുറന്നാലുടൻ എൻജിനീയർമാരെത്തി പുറത്തിറക്കുമെന്നും യാത്രക്കാരനെ അറിയിച്ചു. തുടർന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ ഉടൻ ഇയാളെ പുറത്തിറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.