ന്യൂഡൽഹി: ശ്രീനഗറിലെ സ്വകാര്യ കോച്ചിങ് സെന്‍ററിൽ അധ്യാപകൻ വിദ്യാർഥിയെ മർദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നിരവധി തവണ വിദ്യാർഥിയുടെ മുഖത്ത് അധ്യാപകൻ ആഞ്ഞടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ വിദ്യാർഥികളുടെയും ആക്ടിവിസ്റ്റുകളുടെയും ഇടയിൽ പ്രതിഷേധം ശക്തമായി.
വിഡിയോ വൈറലായതോടെ സ്ഥാപനത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജമ്മു കശ്മീൻ വിമൺ ആൻഡ് ചൈൽഡ് റൈറ്റ്സ് കമീഷൻ മുൻ ചെയർപേഴ്സൺ വസുന്ധര പതക്ക് മസൂദി ആവശ്യപ്പെട്ടു. അധ്യാപകനെ അതിക്രൂരൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും ബുധനാഴ്ചയാണ് ദൃശ്യങ്ങൾ വൈറലാകുന്നത്. സഹപാഠികളിലൊരാളാണ് അധ്യാപകൻ വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഇഷ്ഫാക് അഹ്മദ് എന്നയാൾ ട്വീറ്റ് ചെയ്തു. കെമിസ്ട്രി അധ്യാപകനായ അഹ്മദ് സെവായ്ൽ ആണ് വിദ്യാർഥിയെ മർദിക്കുന്നതെന്ന് ഇഷ്ഫാക് ട്വീറ്റിൽ പറയുന്നു. അതേസമയം സംഭവത്തിൽ ട്യൂഷൻ സെന്‍റർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.