തിരുവനന്തപുരം: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിച്ചേക്കുമെന്ന് സൂചനനൽകി ധനമന്ത്രി നിർമ്മല സീതാരാമൻ. ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പി. പരമേശ്വരന് സ്മാരക പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനം ഏത് പാര്‍ട്ടി ഭരിക്കുന്നുവെന്ന് നോക്കിയല്ല കേന്ദ്ര സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു. സെസ് ഇനത്തില്‍ കേന്ദ്രം പിരിക്കുന്ന പണം സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നതെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചില സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്നത്. 14-ാം ധനകാര്യ കമ്മീഷൻ ശുപാർശകൾ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രഫണ്ട് വിതരണത്തെ കുറിച്ച് സംസാരിക്കവെയാണ് ധനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
എല്ലാ സംസ്ഥാനത്തെയും മന്ത്രിമാർ ഉൾപ്പെട്ട ജിഎസ്ടി കൗൺസിലാണ് യഥാർഥ ഫെഡറൽ സംവിധാനത്തിന്റെ മാതൃക. അവിടെ നരേന്ദ്രമോദിയാണ് എല്ലാം തീരുമാനിക്കുന്നത് എന്നുള്ള ആക്ഷേപം വെറും രാഷ്‌ട്രീയപ്രേരിതമായ ഒന്നാണ്. ജിഎസ്ടി കൗൺസിലിൽ പ്രധാനമന്ത്രി പങ്കെടുത്തിട്ടില്ല. ഭരണഘടനയിലെ ഫെഡറൽ വ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്‌ട്രീയ താത്പര്യം മുൻനിർത്തി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
കശ്മീരിന്റെ സംസ്ഥാന പദവി
തന്റെ പ്രഭാഷണത്തിനിടെ കശ്മീരിന്റെ സംസ്ഥാന പദവി സംബന്ധിച്ചും ചില സൂചനകൾ മന്ത്രി നൽകി. 2014-15 ലെ 14-ാം ധനകാര്യ കമ്മീഷൻ ശുപാർശ ഒരു മടിയും കൂടാതെയാണ് പ്രധാനമന്ത്രി അംഗീകരിച്ചതെന്നും നികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നുവെന്നും അവർ പറഞ്ഞു. ഇപ്പോഴത് 41 ശതമാനമായി. ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി മാറ്റിയതോടെയാണിത്. ചിലപ്പോൾ താമസിയാതെ തന്നെ കശ്മീരിന് വീണ്ടും സംസ്ഥാന പദവി ലഭിച്ചേക്കുമെന്നും നിർമ്മല സീതാരാമൻ പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട്, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ 2019 ഓഗസ്റ്റിലായിരുന്നു ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയത്. ഇതോടെ ജമ്മുകശ്മീർ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി മാറുകയായിരുന്നു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരന്, സ്വാമി മോക്ഷവൃതാനന്ദ, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, ജില്ല പ്രസിഡന്റ് സി.വി. ജയമണി, ജനറല്‍ കണ്‍വീനര്‍ എസ്. രാജന് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.