ഹൈദരാബാദ്: രാജ്യത്ത് ഉയരുന്ന വിയോജപ്പിെൻറ ശബ്ദം ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും നിഷ്‌കരുണം തകർക്കാൻ അനുവദിക്കില്ലെന്ന് ദലിത് ചിന്തകനും ആക്റ്റിവിസ്റ്റുമായ പ്രൊഫസർ കെ.സത്യനാരായണ. രാജ്യത്തെ നിയമവാഴ്ച തകരുന്നതിനെതിരെ ഉയരുന്ന ശബ്ദം പ്രതീക്ഷയെ പുനരുജ്ജീവിപ്പിക്കുന്നുവെന്നും ജനാധിപത്യവും വിയോജിപ്പും സംരക്ഷിക്കുന്നതിനുള്ള സംരംഭങ്ങളുടെ ഭാഗമായി തുടരുമെന്നും പ്രൊഫ.കെ സത്യനാരായണ പറഞ്ഞു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് സെപ്തംബർ ഒമ്പതിന് എൻ.ഐ.എക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം പ്രസ്താവനയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭീമ കൊറേഗാവ് കേസിൽ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ.ഐ.എ വിപ്ലവ കവി വരവരറാവുവിെൻറ മരുമക്കളായ സത്യനാരായണയെയും മുതിർന്ന പത്രപ്രവർത്തകൻ കെ.വി കർമനാഥിനെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ചോദ്യങ്ങൾക്ക് തങ്ങൾക്കറിയാവുന്നതുപോലെ മറുപടി നൽകിയെന്നും രാവിലെ 10 മണിയോടെ മുംബൈ എൻ.ഐ.എ ഓഫീസിൽ ഹാജരായ തങ്ങളെ രാത്രി ഒമ്പതുമണിക്കാണ് വിട്ടയച്ചതെന്നും സത്യനാരായണ വ്യക്തമാക്കി.
അറസ്റ്റിലായ വരവര റാവുവിനെതിരായി തെളിവുകൾ ശേഖരിക്കുന്നതിെൻറ മറവിൽ 2018 ആഗസ്റ്റിൽ സത്യനാരായാണയുടെയും കർമനാഥിെൻറയും ഫ്ലാറ്റുകളിൽ പൂനെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പൂനെ പൊലീസ് സംഘം ഫ്ലാറ്റുകളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളെക്കുറിച്ച് വാക്കാലുള്ള പ്രസ്താവനകൾ എൻ.െഎ.എ രേഖപ്പെടുത്തി. എൻ.ഐ.എയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും ഭീമ കൊറേഗാവ് കേസുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിക്കുകയും ചെയ്തു. മുംബൈയിലെത്തിയ തങ്ങൾ ഒറ്റക്കായിരുന്നെങ്കിലും ലോകമെമ്പാടുമുള്ള കലാകാരന്മാർ, അക്കാദമിക് പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, പത്രപ്രവർത്തകർ, വിദ്യാർത്ഥികൾ, ജനാധിപത്യത്തിനായി ശബ്ദമുയർത്തുന്നവർ എന്നിവരുടെ ഐക്യദാർഢ്യത്തിെൻറ സന്ദേശങ്ങളും പ്രതിഷേധങ്ങളും തങ്ങൾക്ക് കേൾക്കാമായിരുന്നു. പ്രതിസന്ധിയുടെ നിമിഷങ്ങളിൽ ഈ ഐക്യദാർഢ്യമാണ് ധാർമ്മിക പിന്തുണയും ശക്തിയും നൽകിയതെന്നും അത് ഏറെ ആശ്വാസകരമായിരുന്നുവെന്നും സത്യനാരായണ കുറിച്ചു.
''ഈ രാജ്യത്തും ലോകത്തിലുമായി ഉയരുന്ന വിയോജിപ്പിെൻറ ശക്തമായ ശബ്ദങ്ങൾ ജനാധിപത്യ മൂല്യങ്ങൾ, ഭരണഘടന, നിയമവാഴ്ച എന്നിവ നിഷ്‌കരുണം തകർക്കുന്നത് അനുവദിക്കില്ലെന്ന ഞങ്ങളുടെ പ്രതീക്ഷയെ പുനരുജ്ജീവിപ്പിക്കുന്നതാണ്. സുഹൃത്തുക്കൾ വ്യക്തിഗത സന്ദേശങ്ങൾ അയച്ചും, നിരവധി അക്കാദമിക് പ്രവർത്തകരും വിദ്യാർഥികളുംകളും പരസ്യ പ്രസ്താവനകൾ പുറപ്പെടുവിക്കുകയും ഞങ്ങളെ പിന്തുണക്കയും ചെയ്തു. ഞങ്ങളെ പിന്തുണച്ചവർക്ക് നന്ദിയറിയിക്കുന്നു. ഈ രാജ്യത്ത് ജനാധിപത്യവും വിയോജിപ്പും സംരക്ഷിക്കുന്നതിനുള്ള സംരംഭങ്ങളുടെ ഭാഗമാകുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു''. പ്രൊഫ.സത്യനാരായണ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.