ബംഗളൂരു: കർണാടക മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ഡൽഹിയിലേക്ക് പോകുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. കർണാടക കോൺഗ്രസിലെ ഒരു വിഭാഗം ആളുകൾക്ക് ഡി.കെ. മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ മുഖ്യമന്ത്രിയാകാൻ കൂടുതൽ സാധ്യത കൽപിക്കുന്നത് മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യക്കാണ്.
''എന്റെ പിറന്നാളാണിന്ന്. ഡൽഹിയിലേക്ക് പോകണോ വേണ്ടയോ എന്നതിൽ തീരുമാനമെടുത്തിട്ടില്ല. കാരണം ആശംസയുമായി ഒരുപാട് ആളുകൾ എന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പിറന്നാളിനോടനുബന്ധിച്ച് ചെറിയ പരിപാടിയുണ്ട് വീട്ടിൽ.''-ശിവകുമാർ പറഞ്ഞു.അതേസമയം തങ്ങൾ ഒരു വൺലൈൻ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അത് ഹൈക്കമാൻറിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധിയാളുകളാണ് കേക്കുകളടക്കമുള്ള സമ്മാനങ്ങളുമായി ശിവകുമാറിന്റെ വീടിനു പുറത്ത് തടിച്ചുകൂടിയത്.
''ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അനുസരിക്കും. സോണിയ ഗാന്ധിയുടെയും മറ്റു പാർട്ടി നേതാക്കളുടെയും തീരുമാനത്തിൽ വിശ്വാസമുണ്ട്. ജനങ്ങൾ കോൺഗ്രസിനു ഭൂരിപക്ഷം നൽകിയിട്ടുണ്ട്. എന്റെ ജോലി ഭംഗിയായി ചെയ്തു'' – ക്ഷേത്രദർശനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെ ഡി.കെ. വ്യക്തമാക്കി.
സിദ്ധരാമയ്യ ഇന്ന് ഉച്ചയ്ക്ക് ബെംഗളൂരുവിൽനിന്നു ഡൽഹിയിലേക്കു തിരിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുത്ത എ.ഐ.സി.സി നിരീക്ഷകർ എം.എൽ.എമാരോട് നേരിട്ടു സംസാരിച്ച് അഭിപ്രായം തേടിയിരുന്നു. ഇതിന്റെ റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു നൽകും. ഖാർഗെയായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.