ബംഗളൂരു: കർണാടകയിലെ ഹാവേരി ജില്ലയിലെ രത്തിഹള്ളിയിൽ മുസ്ലിം പള്ളിക്കും വീടുകൾക്കും നേരെ കല്ലേറ്. ചൊവ്വാഴ്ച രാവിലെ 11.30ഓടെ ഹിന്ദുത്വ സംഘടനയുടേയും കുറുബ സമുദായത്തിന്റെയും പ്രകടനത്തിനിടെയാണ് സംഭവം. പൊലീസ് 15 ഹിന്ദുത്വപ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.
ഹിന്ദുത്വപ്രവർത്തകർ കർണാടക വിപ്ലവനേതാവ് സങ്കൊള്ളി രായണ്ണയുടെ പ്രതിമയേന്തി ബൈക്ക് റാലിയും പ്രകടനവും നടത്തുകയായിരുന്നു. പ്രകടനം മുസ്ലിംകൾ താമസിക്കുന്ന ഭാഗത്തെത്തിയപ്പോഴാണ് ചിലർ കല്ലെറിഞ്ഞത്. മുസ്ലിംകളുടെ വാഹനങ്ങൾ തകർക്കുകയും പ്രദേശത്തെ ഉർദു സ്കൂളിന് നേരെ കല്ലെറിയുകയും ചെയ്തു.
പേടിച്ചരണ്ട സ്കൂൾ വിദ്യാർഥികൾ പുറത്തേക്കോടുകയും റോഡരികിലിരുന്ന് സഹായം അപേക്ഷിച്ച് കരയുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമികൾ ഒരു ഓട്ടോ ഡ്രൈവറെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തു. സംഭവം മേഖലയിൽ സാമുദായിക സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബൈക്ക് റാലി സമാധാനപരമായിരുന്നുവെന്നും എന്നാൽ, പള്ളിക്ക് അടുത്തെത്തിയപ്പോൾ ചിലർ കല്ലെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മാർച്ച് ഒമ്പതിന് സമാനമായ റാലി നടത്തുന്നത് മുസ്ലിം വിഭാഗത്തിൽപെട്ട ചിലർ തടഞ്ഞിരുന്നുവെന്നും ഇതാണ് പുതിയ സംഭവത്തിന് പിന്നിലെന്നും ഹാവേരി ജില്ല പൊലീസ് മേധാവി ശിവകുമാർ പറഞ്ഞു. നിലവിൽ മേഖലയിൽ സമാധാന അന്തരീക്ഷമാണ്.എന്നാൽ, സങ്കൊള്ളി രായണ്ണ റാലിക്ക് നേരെ മുമ്പ് കല്ലേറുണ്ടായത് തെറ്റാണെന്നും ചൊവ്വാഴ്ച പള്ളിക്ക് നേരെ കല്ലേറ് നടന്ന സംഭവത്തെ പറ്റി തനിക്ക് അറിയില്ലെന്നും സംസ്ഥാന കൃഷിമന്ത്രി ബി.സി. പാട്ടീൽ പറഞ്ഞു. ആക്രമികളെ ശിക്ഷിക്കണമെന്നും പൊലീസ് സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്നും കോൺഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.