ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പരിഹാസവുമായി ബി.ജെ.പി. ഇത് വെറും നയപരമായ സസ്പെൻഷൻ മാത്രമാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. ജനങ്ങൾ ഈ കള്ളക്കളി മനസ്സിലാക്കണമെന്നും ജെയ്റ്റ്ലി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെക്കുറിച്ച് 'നീചനായ മനുഷ്യൻ' എന്ന മണിശങ്കർ അയ്യരുടെ പ്രയോഗം ജാതിപരമാണ്. സൗകര്യപ്രദമായ മാപ്പ് പറയൽ, നയപരമായ സസ്പെൻഷൻ, ഈ കളി ജനങ്ങൾ മനസ്സിലാക്കണം-എന്നാണ് ജെയ്റ്റ്ലിയുടെ ട്വീറ്റ്.
കോൺഗ്രസിന്‍റെ സസ്പെൻഷൻ നടപടി വോട്ടാക്കി മാറ്റാൻ അനുവദിക്കില്ലെന്ന സന്ദേശമാണ് അരുൺ ജെയ്റ്റ്ലിയുടെ ട്വീറ്റിലൂടെ പുറത്തുവരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പദപ്രേയാഗം നടത്തിയ മണിശങ്കർ അയ്യരെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ബി.ജെ.പിയുടെ ഭാഷയല്ല കോൺഗ്രസിെൻറ സംസ്കാരമെന്നും പ്രധാനമന്ത്രിയെ വിമർശിച്ച പദപ്രയോഗം തിരുത്തി മാപ്പു പറയണമെന്നും പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അയ്യരോട് നിർദേശിക്കുകയും അദ്ദേഹം മാപ്പുപറയുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വ്യാഴാഴ്ച രാത്രി സസ്പെൻഡ് ചെയ്ത അറിയിപ്പ് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.