കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ സന്ദർശനത്തിന് എത്തിയതോടെ ലക്ഷദ്വീപിൽ മിന്നൽ സമരം നടത്തി എൻ.സി.പി. നിരോധനാജ്ഞ നിലനിൽക്കെ പ്രതിഷേധം നടത്തിയതിന് മിനിക്കോയ്, കൽപേനി ദ്വീപുകളിൽനിന്ന് ഏഴുപേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച നടന്ന പ്രതിഷേധത്തിനൊടുവിൽ മിനിക്കോയിയിൽനിന്ന് എൻ.സി.പി ദ്വീപ് കമ്മിറ്റി പ്രസിഡൻറ് ഫാഹിമി, ജില്ല പഞ്ചായത്ത് അംഗം എൽ.ജി. ഇബ്രാഹിം, മുൻ ജില്ല പഞ്ചായത്ത് അംഗം തൗസിഫ് ആലം, കോഓപറേറ്റിവ് സൊസൈറ്റി അംഗം മുബാറഖ് എന്നിവരാണ് അറസ്റ്റിലായത്.
കൽപേനിയിൽനിന്ന് പാർട്ടി പ്രവർത്തകരായ എ.കെ. ഖാലിദ്, എ.കെ. അബ്ദുൽ ഗഫൂർ, സി.ജി. അബ്ദുൽ ഹക്കീം എന്നിവരും അറസ്റ്റിലായി. കവരത്തിയിൽ കറുത്ത മാസ്ക് ധരിച്ചെത്തി പ്രതിഷേധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ വാക്തർക്കമുണ്ടായി. കഴിഞ്ഞ 21ന് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധനയങ്ങളിൽ എൻ.സി.പി നേതൃത്വത്തിൽ പ്രതിഷേധം നടക്കാനിരിക്കെ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ പ്രതിഷേധ പരിപാടികൾ മുടങ്ങിയെങ്കിലും നിരോധനാജ്ഞ പിൻവലിച്ചിട്ടില്ല. അഡ്മിനിസ്ട്രേറ്റർ എത്തുന്നത് കണക്കിലെടുത്താണ് നിരോധനാജ്ഞ പിൻവലിക്കാതിരുന്നത്. 30ന് ലക്ഷദ്വീപിലെ ആദ്യപെട്രോൾ പമ്പ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. പരിപാടിയിലേക്ക് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ ക്ഷണിച്ചിട്ടില്ല. മുമ്പ് വികസന പദ്ധതികളുടെ ചർച്ചക്കായി കലക്ടർ വിളിച്ച യോഗത്തിൽനിന്ന് എം.പിയെ ഒഴിവാക്കിയിരുന്നുവെന്ന് പാർട്ടി പ്രവർത്തകർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.