നിർണായകമായി മാറിയ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ധാക്ക സർവകലാശാലയിലെ മുതിർന്ന അധ്യാപകനും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ പ്രഫ. സയ്യിദ് മൻസൂറുൽ ഇസ്ലാം സംസാരിക്കുന്നു
ജോലി സംവരണ രീതിയിൽ പരിഷ്കരണമാവശ്യപ്പെട്ട് ഏതാനും സർവകലാശാലകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾ തികച്ചും സമാധാനപരമായ സമരങ്ങളാണാരംഭിച്ചത്. സംവരണം എടുത്തുകളയണമെന്നല്ല, പരിഷ്കരിക്കണമെന്നാണ് അവരുന്നയിച്ച ആവശ്യമെന്നിരിക്കെ അത് പരിഗണിക്കുകയായിരുന്നു ന്യായം. അതിനു പകരം എതിരാളികളെന്ന മട്ടിൽ വിദ്യാർഥികളെ അടിച്ചമർത്താനാണ് സർക്കാർ മുന്നോട്ടുവന്നത്. സമരത്തെ ഒരു വ്യാപക മുന്നേറ്റവും പ്രക്ഷോഭവുമാക്കി മാറ്റാൻ ഇത് കാരണമായി. വിദ്യാർഥികൾക്കിടയിലുയരുന്ന രോഷം മനസ്സിലാക്കുന്നതിലും വിദ്യാർഥി സമരം ഈ രീതിയിൽ ഒരു ദേശീയതല മുന്നേറ്റമായി ഉയരുമെന്ന് തിരിച്ചറിയുന്നതിലും ഭരണ നേതൃത്വം അമ്പേ പരാജയപ്പെട്ടു.
വിദ്യാർഥികൾ ഉന്നയിച്ചത് സംവരണ വിഷയമാണെങ്കിലും ഏറെക്കാലമായി ഉരുണ്ടുകൂടിയ നിരാശയും രോഷവുമെല്ലാം അതിനു പിന്നിലുണ്ടായിരുന്നു. രാജ്യം സാമ്പത്തിക വികാസം കൈവരിക്കുന്നുണ്ടെങ്കിലും അസമത്വം അതിലേറെ വളർന്നുവരുകയാണ്. താഴെത്തട്ടിൽ കൊടിയ ദാരിദ്ര്യമുണ്ട്. സർവകലാശാലകളിൽ വിദ്യാർഥികളുടെ സ്വതന്ത്ര ചിന്ത പോലും വിലക്കപ്പെട്ടിരിക്കുന്നു. എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള മാർഗമോ അവസരമോ അവർക്കില്ല. യുവതയുടെ സഹജമായ ആവേശവും വികാരവുമെല്ലാം അവഗണിക്കപ്പെട്ടു. സമരം കൈവിട്ടുപോവുമെന്നും മറ്റൊരു രൂപം പ്രാപിക്കുമെന്നും മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ട ഭരണകൂടം തന്നെയാണ് വീഴ്ച വരുത്തിയത്.
മൂന്നര പതിറ്റാണ്ടായി ബംഗ്ലാ രാഷ്ട്രീയം ജനങ്ങളിൽ നിന്ന് വേർപെട്ട രീതിയിലാണ്. തെരഞ്ഞെടുപ്പുകൾ സംശയാസ്പദമാണ്, ബഹു പാർട്ടി പങ്കാളിത്തം ഇല്ലാത്തതിനാൽ പാർലമെന്റും സജീവമല്ല. അത്തരം രാഷ്ട്രീയ സാഹചര്യത്തിൽ സുതാര്യതയുമുണ്ടാവില്ല. നമ്മുടെ രാഷ്ട്രീയത്തിൽ യുവജനങ്ങൾക്ക് പങ്കാളിത്തമില്ല. എല്ലാം നിയന്ത്രിക്കുന്നത് പ്രായം ചെന്നവരാണ്. യുവതയെ മനസ്സിലാക്കാൻ ഈ രാഷ്ട്രീയത്തിന് സാധിക്കുന്നില്ല.
അതിനെല്ലാം മുകളിലായി അഴിമതി അനിയന്ത്രിതമായി വളരുന്നു. സകല മേഖലയിലും അനീതിയാണ്. വിപണി നിയന്ത്രിക്കുന്നത് സിൻഡിക്കേറ്റുകളാണ്. അമിതമായ കേന്ദ്രീകരണവും നിക്ഷിപ്ത താൽപര്യങ്ങളും രാഷ്ട്രീയത്തെ താളം തെറ്റിക്കുന്നു. ജനങ്ങളെ ഏറ്റുമുട്ടലിൽ കൊണ്ടെത്തിക്കുന്നു.
വിദ്യാർഥികളുടെ പരാതിയിൽ കഴമ്പുണ്ട്. നിരവധി അധ്യാപകർ അവക്കൊപ്പം നിലകൊണ്ടിരുന്നു. എന്നാൽ, അധ്യാപക നിയമനം ഉൾപ്പെടെ സകലനടപടികളും ഭരണകൂട നിയന്ത്രണത്തിലാകയാൽ വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകാനുള്ള ഇടംപോലുമില്ലാതായി. അധ്യാപക സംഘടനകൾക്ക് സ്വാതന്ത്ര്യവും ജാഗ്രതയും നഷ്ടപ്പെട്ടു. സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളെ അതേപടി അംഗീകരിക്കുകയാണ് വൈസ് ചാൻസലർമാർ. ഭരണകക്ഷിയുടെ വിദ്യാർഥി സംഘടനക്കാണ് കാമ്പസിന്റെ സമ്പൂർണ ആധിപത്യം.
സർക്കാറിന് അനിഷ്ടം വന്നേക്കാവുന്ന ഒരു തീരുമാനവും അധ്യാപക കൂട്ടായ്മകളിൽ നിന്നുണ്ടാവില്ല. വിദ്യാർഥി സമരങ്ങൾ ആരംഭിച്ച ജൂലൈ ആദ്യം മുതൽ വിവിധ ആവശ്യങ്ങളുന്നയിച്ച് ധാക്ക സർവകലാശാലയിലെ അധ്യാപകരും സമരത്തിലായിരുന്നു. വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾക്കൊപ്പം നിൽക്കാൻ അധ്യാപകർ മുന്നോട്ടുവന്നിരുന്നുവെങ്കിൽ വളരെ മുമ്പ് തന്നെ പ്രശ്നം പരിഹരിക്കപ്പെട്ടേനെ. അതിനൊപ്പം നഷ്ടപ്പെടുത്തിയ അന്തസ്സ് വീണ്ടെടുക്കാനും ഒരുപരിധി വരെ അവർക്ക് സാധിച്ചേനെ. ഒരു മുതിർന്ന അധ്യാപകനെന്ന നിലയിൽ വിദ്യാർഥികളുടെ ആരോപണങ്ങളെ ഞാൻ അംഗീകരിക്കുന്നു. എല്ലാവിധ നിരാശകൾക്കുമിടയിലും യുവതയിലാണ് എന്റെ പ്രതീക്ഷ.
ഞാൻ പറഞ്ഞുവല്ലോ, സംവരണ വിഷയമാണ് ഉയർത്തിപ്പിടിച്ചതെങ്കിലും വിദ്യാർഥി രോഷത്തിന് ബഹുവിധ കാരണങ്ങളുണ്ടായിരുന്നു. അവകാശങ്ങളുടെയും രാഷ്ട്രീയ ഇടങ്ങളുടെയും നിഷേധം അതിൽ പ്രധാനമാണ്. ഇത് ഏറെ പഴക്കമുള്ള ഒരുപ്രശ്നമാണ്. ഭരണം മാറുന്നതിനനുസരിച്ച് അവരുടെ വിദ്യാർഥി സംഘങ്ങൾ സകല മര്യാദകളും അവകാശങ്ങളും ലംഘിച്ച് കാമ്പസുകൾ അധീനപ്പെടുത്തും. പക്ഷപാതമില്ലാതെ സർക്കാർ നിലപാടെടുക്കാത്തിടത്തോളം സർവകലാശാല അധികൃതർക്ക് ഇതിൽ ഒന്നും ചെയ്യാനാവില്ല. അധ്യാപകർ ഈ രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയ കാലം മുതൽ നമുക്ക് സ്വാതന്ത്ര്യവും ധാർമിക അവകാശങ്ങളും നഷ്ടപ്പെടാൻ തുടങ്ങി. പക്ഷേ, ഈ അവസ്ഥ മാറുക തന്നെ ചെയ്യുമെന്ന പ്രതീക്ഷ എനിക്കുണ്ട്.
സാധാരണ ജനങ്ങൾ ഈ മുന്നേറ്റത്തിന് സകലവിധ പിന്തുണയും നൽകിയിട്ടുണ്ട്. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) ഏറെക്കാലമായി ഇതുപോലൊരു ജനകീയ സമരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ജനം അവർക്കൊപ്പം കൂടിയില്ല. രാഷ്ട്രീയ പാർട്ടികളോടുള്ള വിശ്വാസം ജനങ്ങൾക്ക് അത്രകണ്ട് നഷ്ടമായിരിക്കുന്നു. വിദ്യാർഥി മുന്നേറ്റം രാഷ്ട്രീയ പാർട്ടി പിന്തുണയില്ലാതെയാണ് ആരംഭിച്ചത് എന്നതുകൊണ്ടുതന്നെ എളുപ്പത്തിൽ ജനപിന്തുണയും ആർജിക്കാനായി. സർക്കാർ ആത്മപരിശോധന നടത്താൻ സമയമായിരിക്കുന്നു. അവർ ഇനിയെങ്കിലും സാഹചര്യം മനസ്സിലാക്കണം. ശരിയാംവിധത്തിലുള്ള അന്വേഷണവും തിരുത്തുകളും നടത്താത്ത പക്ഷം ആത്യന്തികമായി നഷ്ടം സംഭവിക്കുക രാജ്യത്തിനാണ്. മൂന്നാഴ്ചകൊണ്ട് തന്നെ സമ്പദ്വ്യവസ്ഥയും വിദ്യാഭ്യാസമേഖലയും തകർന്നടിഞ്ഞിരിക്കുന്നു.
സുരക്ഷിതമായ റോഡുകൾ ആവശ്യപ്പെട്ട് 2018ൽ ബംഗ്ലാദേശിലെ സ്കൂൾ വിദ്യാർഥികൾ തെരുവിലിറങ്ങിയിരുന്നു. അതിലൊരു കുട്ടിയുടെ ബാനറിൽ ഭരണകൂടത്തിന് അറ്റകുറ്റപ്പണി വേണം എന്നെഴുതിയത് കണ്ടിരുന്നു. അത് അടിയന്തരമായി നടപ്പാക്കമെന്നാവശ്യപ്പെട്ട് ഞാനന്നൊരു ലേഖനവും എഴുതിയിരുന്നു. ആ കുട്ടി ഉന്നയിച്ച ആവശ്യം ചെവിക്കൊണ്ടിരുന്നുവെങ്കിൽ രാജ്യത്തിന് ഇന്നീ ഗതി വരില്ലായിരുന്നു. ഇനിയും വൈകിച്ചുകൂടാ, ഭരണകൂടത്തിന് അറ്റുകുറ്റപ്പണി നടത്താൻ പറ്റിയ അവസരമാണിത്. ഇത് കൈവിട്ടുകൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.