ചെന്നൈ: തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർഥിനി കൂടി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തു. സ്കൂളിൽനിന്ന് ഹോസ്റ്റലിലേക്ക് മടങ്ങിയ പ്ലസ്ടു വിദ്യാർഥിനി മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കള്ളക്കുറിച്ചി ചിന്നസേലത്ത് പ്ലസ്ടു വിദ്യാർഥിനി ഹോസ്റ്റലിന്‍റെ മൂന്നാം നിലയിൽനിന്ന് ചാടി ജീവനൊടുക്കിയത് വൻ പ്രക്ഷോഭത്തിന് വഴിവെച്ചിരുന്നു.
തിരുവള്ളൂർ മപ്പേട് കീഴ്ച്ചേരിയിലെ സേക്രഡ് ഹാർട്ട് ഗവ.എയ്ഡഡ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് തിങ്കളാഴ്ച രാവിലെ ആത്മഹത്യ ചെയ്തത്. തിരുവള്ളൂർ തിരുത്തണി തെക്കലൂർ കോളനിയിലെ കർഷകരായ പൂസാനം-മുരുകമ്മാൾ ദമ്പതികളുടെ ഏക മകളാണ് മരിച്ചത്.
ഭക്ഷണം കഴിച്ചുവരാമെന്ന് സഹപാഠികളോട് പറഞ്ഞതിനുശേഷം സ്കൂളിൽ നിന്ന് ഹോസ്റ്റലിലെത്തിയാണ് കൃത്യം നടത്തിയത്. ഏറെനേരമായിട്ടും കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് വിവരമറിയുന്നത്.
മരണവിവരം സ്‌കൂൾ മാനേജ്‌മെന്റ് രക്ഷിതാക്കളെ കൃത്യമായി അറിയിച്ചില്ലെന്ന് ആരോപണമുണ്ട്. മരണത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ തെക്കലൂരിൽ ബസ്സുകൾ തടഞ്ഞ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ തെക്കലൂർ ഗ്രാമത്തിലും സ്‌കൂളിലും പൊലീസിനെ വിന്യസിച്ചു. കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിലെത്തി അധികൃതരുമായി വാഗ്വാദം നടത്തിയത് സംഘർഷത്തിനിടയാക്കി. മാധ്യമ പ്രവർത്തകർക്ക് സ്കൂൾ അങ്കണത്തിൽ പ്രവേശനം നിഷേധിച്ചത് ഒച്ചപ്പാടിനിടയാക്കി.
പെൺകുട്ടിയുടെ മരണത്തിൽ സംശയമുണ്ടെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. കാഞ്ചിപുരം ഡി.ഐ.ജി എം. സത്യപ്രിയ, ജില്ല പൊലീസ് സൂപ്രണ്ട് പി.സി. കല്യാൺ തുടങ്ങിയവർ സ്കൂളിലെത്തി പ്രാഥമികാന്വേഷണം നടത്തി. സ്കൂളിന് അവധി പ്രഖ്യാപിച്ചു. സംശയകരമായ മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് സി.ബി.സി.ഐ.ഡിക്ക് കൈമാറിയതായി ഡി.ഐ.ജി സത്യപ്രിയ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാവുന്ന മരണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഉടൻ സി.ബി.സി.ഐ.ഡിക്ക് കൈമാറണമെന്ന് ഈയിടെ മദ്രാസ് ഹൈകോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.