ചെന്നൈ: സേലത്ത് സർക്കാർ സ്കൂളിലെ പ്രധാനധ്യാപകനെ ബിയർ കുപ്പി പൊട്ടിച്ച് കുത്താൻ ശ്രമിച്ച പ്ലസ്ടു വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 26ന് സേലം ആത്തൂർ മഞ്ചിനി ഗവ. ഹൈസ്കൂളിലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്.
പ്രധാനധ്യാപകൻ തന്‍റെ ഓഫിസിലേക്ക് വിളിപ്പിച്ച് തലക്ക് പിന്നിൽ വാലുപോലെ മുടി നീട്ടി വളർത്തിയ നിലയിൽ സ്കൂളിൽ വരാൻ പാടില്ലെന്ന് അറിയിച്ചു. പ്രകോപിതനായ വിദ്യാർഥി പ്രധാനാധ്യാപകനുമായി വാക്കുതർക്കത്തിലേർപ്പെടുകയും മേശയിലുണ്ടായിരുന്ന ഓഫിസ് ഫയലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ താഴേക്ക് തള്ളിയിടുകയും നശിപ്പിക്കുകയും ചെയ്തു. ബഹളം കേട്ട് അവിടെയെത്തിയ അധ്യാപകർ വിദ്യാർഥിയെ സമാധാനിപ്പിച്ചയച്ചു.
പ്രശ്നത്തിൽ രക്ഷാകർത്തൃ ഭാരവാഹികളുമായി കൂടിയാലോചന നടത്തിയശേഷം വിദ്യാർഥിയോട് മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാനാവശ്യപ്പെട്ടു. സ്കൂളിലെത്തിയ മാതാപിതാക്കളോട് പ്രിൻസിപ്പൽ സംഭവം വിവരിച്ചു. ഈ സമയത്ത് വിദ്യാർഥി തന്‍റെ ബാഗിൽ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ ബിയർ കുപ്പി എടുത്ത് പൊട്ടിച്ച് പ്രധാനാധ്യാപകനെ കുത്താൻ ശ്രമിച്ചു.
താൻ മാത്രമാണോ മുടി നീട്ടി വളർത്തുന്നതെന്നും മറ്റുള്ളവരെ എന്തുകൊണ്ട് വിളിച്ച് താക്കീത് ചെയ്യുന്നില്ലെന്നും പറഞ്ഞാണ് വിദ്യാർഥിയുടെ ആക്രോശം. മറ്റു അധ്യാപകർ ഉടനടി വിദ്യാർഥിയെ തടയുകയായിരുന്നു. വിവരമറിഞ്ഞ് ആത്തൂർ പൊലീസ് സ്കൂളിലെത്തി. പൊലീസ് വിദ്യാർഥിയെ ഉപദേശിച്ചും താക്കീത് നൽകിയും വിട്ടയച്ചു.
അതിനിടെ പ്രധാനധ്യാപകന്‍റെ മുറിയിൽ വിദ്യാർഥി ബഹളംവെക്കുന്നതിന്‍റെ വീഡിയോ സാമുഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. തുടർന്നാണ് പൊലീസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്ത്ബാലജയിലിലേക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.