തെലങ്കാന സ്കൂളിൽ ഉച്ചക്ക് കഴിക്കാൻ ചോറും മുളക് പൊടിയും; കഴിച്ച വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദിലെ അപ്പർ പ്രൈമറി സ്‌കൂളിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണമായി നൽകിയത് ചോറിനൊപ്പം മുളകുപൊടി. മുളകുപൊടിയും എണ്ണയും ചേർത്ത ചോറാണ് കുട്ടികൾക്ക് നൽകിയത്. ഇത് കഴിച്ച നിരവധി വിദ്യാർഥികൾക്ക് ദേഹാസ്വസ്ഥ്യമുണ്ടായി. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലായി 130 കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. ചോറിനൊപ്പം വിളമ്പിയ ദാൽ രുചിയില്ലെന്ന് കണ്ടതിനെ തുടർന്ന് നിരവധി വിദ്യാർഥികൾ ഭക്ഷണം കഴിക്കാതെ പോയെന്നാണ് അധ്യാപകർ പറയുന്നത്. ഇതേക്കുറിച്ച് കുട്ടികൾ അധ്യാപകരോടും അവിടെയുണ്ടായിരുന്ന ഗ്രാമീണരോടും പരാതിപ്പെട്ടിരുന്നു. തുടർന്നാണ് ഉച്ചഭക്ഷണം കഴിക്കാനെത്തിയ ചില വിദ്യാർഥികൾക്ക് മുളകുപൊടിയും എണ്ണയും ചേർത്ത ചോറ് നൽകിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിലെത്തി പരാതിപ്പെടുകയായിരുന്നു.

ദാൽ അമിതമായി വേവിച്ചതും രുചിയില്ലാത്തതുമാണെന്ന് മിഡ് ഡേ മീൽ ഏജൻസി ഓർഗനൈസർ സുശീല പറഞ്ഞു. ചില വിദ്യാർഥികൾക്ക് അവരുടെ ആവശ്യപ്രകാരമാണ് മുളകുപൊടിയും എണ്ണയും നൽകിയതെന്ന് സുശീല പറഞ്ഞു. സംഭവത്തിൽ ഏജൻസി തെറ്റ് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും തെറ്റ് ആവർത്തിച്ചാൽ പുതിയ ഏജൻസിയെ നിയമിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

തീർപ്പാക്കാത്ത ഉച്ചഭക്ഷണ ബില്ലുകൾ തീർക്കുകയും ഉച്ചഭക്ഷണ തൊഴിലാളികളുടെ വേതനം നൽകുകയും വേണമെന്ന് ബി.ആർ.എസ് സിദ്ദിപേട്ട് എം.എൽ.എയും മുൻ ധനമന്ത്രിയുമായ ടി ഹരീഷ് റാവു ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയോട് ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ ഏജൻസികൾക്കുള്ള കുടിശ്ശിക തീർക്കുന്നതിനായി 58.69 കോടി രൂപ ജില്ലാ വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ചിട്ടുണ്ടെന്നും 18 കോടി രൂപ കൂടി തിങ്കളാഴ്ച നൽകുമെന്നും തെലങ്കാന സർക്കാർ അറിയിച്ചു.

Tags:    
News Summary - Students get sick after eating rice mixed with chili powder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.