ജെ.എന്‍.യുവില്‍ പിന്നാക്ക വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍; അക്കാദമിക് കൗണ്‍സില്‍ ഉപരോധിച്ചു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു)യില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത 12 ദലിത്, ന്യൂനപക്ഷ, മുസ്ലിം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കാമ്പസില്‍ പ്രതിഷേധം ശക്തം.

ചൊവ്വാഴ്ച അക്കാദമിക് കൗണ്‍സില്‍ യോഗം ചേര്‍ന്ന അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കിന് പുറത്ത് നടന്ന പ്രതിഷേധത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. വൈസ് ചാന്‍സലര്‍ അറിയിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം കാമ്പസിന് പുറത്തുണ്ടായിരുന്നു. ഉച്ചക്ക് ഒരുമണി മുതല്‍ തുടര്‍ന്ന പ്രതിഷേധം രാത്രി വൈകിയും തുടരുകയാണ്.

വിദ്യാര്‍ഥികളെ കണ്ട് സംസാരിക്കാമെന്ന് പറഞ്ഞു വൈകീട്ട് ഏഴുമണിയോടെ വി.സി പുറത്തുവന്നെങ്കിലും പിന്നീട് അതിന് തയാറാവാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അദ്ദേഹത്തിന്‍െറ വസതിയിലേക്ക് പോയി.

അതേസമയം, ഭരണകാര്യാലയത്തിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു എന്ന് കാണിച്ച് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് മോഹിത് പാണ്ഡേക്ക് അധികൃതര്‍  നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം  സമരത്തില്‍ സംസാരിച്ചതിന് പ്രഫസര്‍ നിവേദിത മേനോന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് പുതിയ നടപടി.
പിന്നാക്ക വിദ്യാര്‍ഥികളെ ബാധിക്കുന്ന ഉയര്‍ന്ന വൈവ മാര്‍ക്ക് കുറക്കുക, അധ്യാപകനിയമനത്തില്‍ ന്യൂനപക്ഷ സംവരണം നടപ്പാക്കുക, നജീബിനെ മര്‍ദിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിയ വിദ്യാര്‍ഥികളെയാണ് ഹോസ്റ്റലില്‍നിന്നടക്കം സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

 

Tags:    
News Summary - students protest in jnu univercity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.