ന്യൂഡൽഹി: പട്ടികജാതി-പട്ടിക വര്‍ഗത്തിലെ ഉപവിഭാഗങ്ങള്‍ക്ക് ഉപസംവരണത്തിന് അര്‍ഹതയുണ്ടെന്ന സുപ്രീംകോടതി വിധിക്കെതിരെ എതിർപ്പേറുന്നു. വിഷയത്തിൽ വിയോജിപ്പുമായി എൻ.ഡി.എയിൽ നിന്നടക്കം ദലിത് നേതാക്കൾ രംഗത്തെത്തി. സുപ്രീംകോടതി വിധിയോട് യോജിക്കുന്നതല്ല തങ്ങളുടെ നിലപാടെന്ന് എൻ.ഡി.എ ഘടകകക്ഷിയായ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിന്നാലെ വിധിക്കെതിരെ പാർട്ടി അപ്പീൽ നൽകുമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ പറഞ്ഞു.
തൊട്ടുകൂടായ്മയാണ് പട്ടികജാതി നിർണയത്തിന്റെ അടിസ്ഥാനം. എന്നാൽ, സുപ്രീംകോടതി ഉത്തരവിൽ ഒരിടത്തും അത് പരാമർശിക്കപ്പെട്ടിട്ടില്ല. കോടതിയലക്ഷ്യമായി കാണാവുന്ന ഒന്നും പറയാനില്ല, പക്ഷേ ഞങ്ങൾക്ക് തീർച്ചയായും എതിർപ്പുണ്ട്. ലോക്ശക്തി പാർട്ടി (രാംവിലാസ്) പുനഃപരിശോധന ഹരജി ഫയൽ ചെയ്യും. സംവരണത്തിനുള്ളിലെ സംവരണം എന്ന ആശയം പട്ടികജാതിക്കാരുടെ വിഷയത്തിൽ പ്രായോഗികമല്ല. ഉന്നത വിദ്യാഭ്യാസമുള്ള സമ്പന്നരായ ദലിത് വിഭാഗങ്ങൾപോലും ഇന്നും തൊട്ടുകൂടായ്മ നേരിടുന്നുണ്ടെന്നും പാസ്വാൻ പറഞ്ഞു.
വിധിയിൽ വിയോജിപ്പുമായി ബി.എസ്.പി അധ്യക്ഷ മായാവതിയും കഴിഞ്ഞ ദിവസം രംഗത്തെത്തി. രാഷ്ട്രീയമായ അടിച്ചമർത്തൽ പോലല്ല സാമൂഹികമായ അടിച്ചമർത്തലെന്ന് മായാവതി പറഞ്ഞു.
പട്ടികജാതി -വർഗക്കാരുടെ ജീവിതം വെറുപ്പിൽ നിന്നും വിവേചനത്തിൽ നിന്നും മുക്തമായോ? ആത്മാഭിമാനത്തോടെയും അന്സ്സോടെയും അവർക്ക് ജീവിക്കാനുള്ള സാഹചര്യമുണ്ടോ? ഇല്ലെങ്കിൽ സംവരണം സംബന്ധിച്ച നിലവിലെ കാഴ്ചപ്പാട് എത്രത്തോളം ന്യായമാണെന്ന് മായാവതി ചോദിച്ചു. രാജ്യത്തെ പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങളോടുള്ള കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും സമീപനം ഒരുമാറ്റവും ഉണ്ടാക്കാനുതകുന്നതല്ല. അല്ലെങ്കിൽ സംവരണം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെട്ടേനെയെന്നും മായാവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.