വാരണാസി (ഉത്തർപ്രദേശ്): സിനിമകഥകളെ വെല്ലും വിധം ഇരട്ടജീവിതം നയിച്ച പ്രതി ഒടുവിൽ പൊലീസ് പിടിയിൽ. 1984ൽ ഒരാളെ വെടിവച്ചു കൊന്ന ശേഷം ഒളിവിൽ പോയി പിന്നീട് പേരും രൂപവും മാറി പൊലീസായി ജീവിതം നയിച്ച നക്ടു യാദവ് ആണ് അറസ്റ്റിലായത്. പൊലീസ് സർവിസിൽ ഹോം ഗാർഡായി 35 വർഷമാണ് ഇയാൾ ജോലി ചെയ്തത്.
57ആം വയസ്സിൽ വിരമിക്കാനിരിക്കേയാണ് ഇയാളുടെ രഹസ്യം പുറത്താവുന്നത്. അസംഗഢിൽ ഗുണ്ടാജീവിതം നയിച്ച നക്ടു യാദവ് കുറെനാൾ ഒളിവിലായിരുന്നു. 1984നും 89നും ഇടയിൽ നിരവധി കുറ്റകൃത്യങ്ങളിലാണ് ഇയാൾ ഉൾപ്പെട്ടത്. മോഷണം, ഗുണ്ടാ നിയമം എന്നിങ്ങനെ നിരവധി കേസുകൾ നക്ടു യാദവിനെതിരെ പൊലീസ് നേരത്തേ ചുമത്തിയിരുന്നു. നാലാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഇയാൾ വ്യാജ എട്ടാം ക്ലാസ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ലോകൈ യാദവിന്റെ മകൻ നന്ദലാൽ എന്ന് സ്വയം നാമകരണം നടത്തി ഹോം ഗാർഡായി ജോലി കരസ്ഥമാക്കുകയായിരുന്നു.
എന്നാൽ ഇയാളുടെ ഇരട്ട ജീവിതത്തിന്റെ രഹസ്യങ്ങൾ പൊളിയാൻ തുടങ്ങുന്നത് 2024 ഒക്‌ടോബറിൽ അയൽവാസിയുമായുള്ള വഴക്കിനെ തുടർന്നാണ്. തന്റെ അമ്മാവൻ ഇരട്ട ജീവിതമാണ് നയിക്കുന്നതെന്ന് അനന്തരവൻ പോലീസിന് വിവരം നൽകി. തുടർന്ന് സമഗ്രമായ അന്വേഷണത്തിന് അസംഗഢ് ഡി.ഐ.ജി വൈഭവ് കൃഷ്ണ ഉത്തരവിട്ടു. തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്യുകയും ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു.
ഇത്രയുംകാലം പ്രതി എങ്ങനെ പിടിയിലാകാതെ രക്ഷപ്പെട്ടുവെന്നും ഇയാൾക്ക് അധികാരികളിൽനിന്ന് എന്തെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് അസംഗഡ് എസ്.പി ഹേംരാജ് മീണ പറഞ്ഞു. റാണി കി സരായ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗവും ഇയാൾക്ക് ‘ക്ലീൻ ചിറ്റ്’ നൽകിയിരുന്നു. ഇക്കാര്യങ്ങളടക്കം സൂക്ഷ്മമായി പരിശോധിക്കുണമന്ന് ഉയർന്ന പൊലീസ് ഉദ്യാഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.