ന്യൂഡൽഹി/കൊൽക്കത്ത: മുൻ െറയിൽവേ മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി എം.പി രാജ്യസഭയിൽ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാളിൽ ഇപ്പോൾ അരങ്ങേറുന്ന അക്രമസംഭവങ്ങൾ അവസാനിപ്പിക്കാൻ തനിക്കൊന്നും ചെയ്യാൻ കഴിയാത്തതിെൻറ നിരാശയിലാണ് രാജ്യസഭാംഗത്വം രാജി വെക്കുന്നതെന്ന് അദ്ദേഹം വെള്ളിയാഴ്ച സഭയിൽ പറഞ്ഞു. നേരത്തേ തന്നെ പാർട്ടി അധ്യക്ഷ മമത ബാനർജിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്ന ത്രിവേദിയുടെ രാജിതീരുമാനം നന്ദികേടാണെന്ന് പാർട്ടി പ്രതികരിച്ചു. അതേസമയം, അദ്ദേഹത്തെ അനുമോദിച്ച ബി.ജെ.പി, ത്രിവേദിയെ സ്വാഗതം െചയ്യുന്നതായും വ്യക്തമാക്കി.
തെൻറ സംസ്ഥാനത്ത് അക്രമങ്ങൾ അവസാനിക്കാത്ത അവസ്ഥയാണെന്നും അത് തടയുന്നതിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഇരിക്കുന്ന പദവിയിൽനിന്ന് ഇറങ്ങി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് വേണ്ടതെന്ന് ത്രിവേദി സഭയിൽ പറഞ്ഞു.
''എന്നെ ഇവിടേക്കയച്ച പാർട്ടിയോട് ഞാൻ നന്ദി പറയുന്നു. എന്നാൽ ഇപ്പോഴെനിക്ക് ശ്വാസം മുട്ടുകയാണ്. ബംഗാളിൽ നടക്കുന്ന കാര്യങ്ങളിൽ ഒന്നും ചെയ്യാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. എഴുന്നേറ്റുനിന്ന്, ലക്ഷ്യത്തിലെത്തുംവരെ മുന്നോട്ടുനീങ്ങുകയെന്ന സ്വാമി വിവേകാനന്ദെൻറ വചനങ്ങളാണ് ഓർമ വരുന്നത്'' -രാജി പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വിശദീകരിച്ചു.
അധ്യക്ഷന് രാജി എഴുതിനൽകണമെന്നും ഇതാണ് അംഗത്വം ഉപേക്ഷിക്കുന്നതിനുള്ള നടപടിക്രമമെന്നും രാജ്യസഭ െഡപ്യൂട്ടി സ്പീക്കർ ഹരിവൻശ് നാരായൺസിങ് ത്രിവേദിയെ അറിയിച്ചു.
രണ്ടു മാസത്തിലേറെയായി പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ത്രിവേദിയുടെ രാജി പ്രഖ്യാപനത്തിനു പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. പാർട്ടിയെയും ജനവിശ്വാസത്തെയും ത്രിവേദി വഞ്ചിച്ചുെവന്ന് പാർട്ടി രാജ്യസഭ ഉപാധ്യക്ഷൻ സുഖേന്ദു ശേഖർ റോയ് പറഞ്ഞു.
തൃണമൂലിെൻറ അന്ത്യത്തിെൻറ ആരംഭമെന്നാണ് ബി.ജെ.പി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് ഇതിനോട് പ്രതികരിച്ചത്. തൃണമൂൽ ശിഥിലമാവുകയെന്നത് സമയത്തിെൻറ മാത്രം പ്രശ്നമാണെന്നും ത്രിവേദിക്ക് തങ്ങൾക്കൊപ്പം ചേരാൻ ആഗ്രഹമുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നുെവന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുവേന്ദു അധികാരിക്കും രജിബ് ബാനർജിക്കും ലക്ഷ്മി രത്തൻ ശുക്ലക്കും ശേഷം പാർട്ടി വിടുന്ന നാലാമത്തെ പ്രമുഖനാണ് ത്രിവേദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.