ഗാന്ധിനഗർ: കാമുകനൊപ്പം ജീവിക്കാൻ യാചകനെ പെട്രോളൊഴിച്ച് കത്തിച്ച് യുവതിയുടെ ആത്മഹത്യാനാടകം. ഗുജറാത്തിലെ കച്ചിലാണ് സംഭവം. റാമി കേസരിയ (27) എന്ന യുവതിയാണ് വഴിയരികിൽ ഇരുന്ന യാചകനെ തട്ടികൊണ്ട് വന്ന് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയത്.
വിവാഹിതയായ ഇവർ കുടുംബജീവിതത്തിൽ അത്ര സന്തോഷവതിയായിരുന്നില്ല. തുടർന്ന് കാമുകനായ അനിൽ ഗംഗാലിനൊപ്പം ജീവിക്കാൻ തീരുമാനിക്കുകയും അതിനുവേണ്ടി ഭർതൃ വീട്ടുകാരെ താൻ ആത്മഹത്യ ചെയ്‌തെന്ന്
വിശ്വസിപ്പിക്കുവാനും വേണ്ടിയാണ് ഇത്തരമൊരു നാടകം നടത്തിയത്. ജൂലൈ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. വഴിയരികിൽനിന്നും തട്ടികൊണ്ട് വന്ന യാചകനെ പെട്രോൾ ഒഴിച്ച് കത്തിച്ചശേഷം മരിച്ചത് യുവതിയാണെന്ന് തെളിയിക്കുന്ന വിധത്തിൽ തെളിവുകൾ ഉണ്ടാക്കി. യുവതിയുടെ വസ്ത്രവും ചെരിപ്പും ഫോണുമടക്കം കത്തിക്കരിഞ്ഞ ശരീരത്തിനടുത്ത് നിന്നും പൊലീസിന് ലഭിച്ചിരുന്നു.
മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നതിനാൽ ഇത് യുവതിയുടേതാണെന്ന് വീട്ടുകാരും ഉറപ്പിച്ചു. തുടർന്ന് മരണാനന്തര ചടങ്ങുകളും നടത്തി. എന്നാൽ മാസങ്ങൾക്കിപ്പുറം സെപ്‌റ്റംബർ 29ന് റാമി കേസരിയ എന്ന യുവതി തിരിച്ചു വരികയും സ്വന്തം പിതാവിനെ കണ്ട് സംഭവങ്ങൾ തുറന്നു പറയുകയും ചെയ്തു.
സംഭവങ്ങൾ തിരിച്ചറിഞ്ഞ പിതാവ് കാര്യങ്ങൾ തുറന്ന് പറഞ്ഞ് പൊലീസിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച യുവതി വീട്ടിൽനിന്നും മടങ്ങിയതോടെ പിതാവ് പൊലീസിൽ വിളിച്ച് കാര്യങ്ങൾ തുറന്ന് പറയുകയായിരുന്നു. പിന്നാലെയാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.