പന്തീരാങ്കാവ്: ഇന്ത്യ-ചൈന അതിർത്തിയിൽ അരുണാചൽപ്രദേശിൽ കാണാതായ വിമാനത്തിലെ മലയാളിസൈനികൻ പന്നിയൂർകുളം മേലെ താന്നിക്കാട് അച്ചുദേവിന് (25) വേണ്ടി നാട് പ്രാർഥനയോടെ കാത്തിരിക്കുന്നു. ചൊവ്വാഴ്ച രാവിലെ 10 ഒാടെയാണ് പരിശീലനപറക്കലിനിടെ ഫ്ലൈറ്റ് ലഫ്റ്റനൻറ് അച്ചുദേവും ഉത്തരേന്ത്യക്കാരനായ സ്ക്വാഡ്രൻ ലീഡറും സഞ്ചരിച്ച സുഖോയ് വിമാനം കാണാതായത്.
വിമാനം കാണാതായെന്ന വാർത്ത കിട്ടിയ ഉടൻ പിതാവ് സഹദേവനും അമ്മ ജയശ്രീയും അസമിലെ തേസ്പൂർ സൈനികക്യാമ്പിലെത്തിയിട്ടുണ്ട്. ഇവിടെനിന്ന് ലഭിക്കുന്ന വിവരങ്ങളിൽ പ്രതീക്ഷ അർപ്പിച്ചാണ് നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളും കഴിയുന്നത്.
രണ്ട് വൈമാനികർക്കുമാത്രം സഞ്ചരിക്കാവുന്ന വിമാനത്തിലായിരുന്നു ഇരുവരുടെയും യാത്ര. അതിർത്തിയിൽ തേസ്പൂർ വ്യോമതാവളത്തിൽനിന്ന് 60 കിലോമീറ്ററോളം അകലെവെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ശക്തമായ മഴയും വിമാനം അവസാനം കാണപ്പെട്ട സ്ഥലത്തെ നിബിഡവനവും തിരച്ചിലിനെ ബാധിക്കുന്നുണ്ടെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.
െഎ.എസ്.ആർ.ഒയിൽ ഉദ്യോഗസ്ഥനായിരുന്ന സഹദേവൻ 30 വർഷത്തോളമായി തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപമാണ് താമസം. പന്തീരാങ്കാവിൽ പുതിയ വീട് നിർമിച്ചെങ്കിലും താമസം തുടങ്ങിയിട്ടില്ല. അഞ്ചാംക്ലാസുവരെ തിരുവനന്തപുരത്ത് പഠനം നടത്തിയ അച്ചുദേവ് ആറാംക്ലാസ് മുതൽ ഡറാഡൂണിലെ സൈനികസ്കൂളിലാണ് പഠിച്ചത്. ഇവിടെനിന്നാണ് വ്യോമസേനയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.