ഷിംല: ഹിമാചൽ പ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ സുഖ്‍വിന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. തീരുമാനത്തിന് ഹൈക്കമാൻഡിന്റെ അംഗീകാരവും ലഭിച്ചു. കോൺഗ്രസ് സംസ്ഥാന പ്രചാരണ സമിതി ചെയര്‍മാനാണ് സുഖു. മുൻ സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം. ഹിമാചലിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. വൈകീട്ട് ഷിംലയിൽ ചേരുന്ന നിയമസഭ കക്ഷി യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
2018നു ശേഷം ആദ്യമായാണ് ഒരു സംസ്ഥാനത്ത് കോൺഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. ബി.ജെ.പിക്കെതിരെ വ്യക്തമായ വിജയം നേടിയിട്ടും ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ സംബന്ധിച്ച് കോൺഗ്രസിൽ അനിശ്ചിതത്വമുണ്ടായിരുന്നു. തുടർന്ന് 40 എം.എൽ.എമാർ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് ഉടൻ തീരുമാനിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, അന്തരിച്ച മുൻമുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു. വിമതരായി ജയിച്ച മൂന്ന് ബി.ജെ.പി എം.എൽ.എമാരും ഇപ്പോൾ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെയും പിന്തുണ സുഖ് വിന്ദർ സിങ്ങിനാണ്. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ സുഖുവിനുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.