ന്യൂഡൽഹി: ഉദ്യോഗസ്ഥതലത്തിൽ കേന്ദ്രസർക്കാർ വൻ അഴിച്ചുപണി നടത്തി. ആഭ്യന്തരവകുപ്പ് മുൻ സെക്രട്ടറി രാജീവ് മെഹ്റിഷിയെ കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറലായി നിയമിച്ചപ്പോൾ െഎ.എ.എസ് ഒാഫിസർ സുനിൽ അറോറയെ തെരഞ്ഞെടുപ്പ് കമീഷണറായും നിയമിച്ചു. സെപ്റ്റംബർ 24ന് വിരമിക്കുന്ന എസ്.കെ. ശർമക്ക് പകരമായാണ് രാജസ്ഥാൻ കേഡർ െഎ.എ.എസുകാരനായ മെഹ്റിഷിയെ സി.എ.ജിയായി നിയമിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷം ആഭ്യന്തരസെക്രട്ടറി പദത്തിലുണ്ടായിരുന്ന മെഹ്റിഷി ബുധനാഴ്ചയാണ് വിരമിച്ചത്.
ജൂലൈയിൽ നസീം സെയ്ദി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പദവിയിൽ നിന്ന് വിരമിച്ചശേഷം തെരഞ്ഞെടുപ്പ് കമീഷനിൽ വന്ന ഒരു ഒഴിവുനികത്താനാണ് സുനിൽ അറോറയുടെ നിയമനം. നിലവിൽ അചൽകുമാർ ജ്യോതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ. മറ്റൊരു തെരഞ്ഞെടുപ്പ് കമീഷണറായി ഒാം പ്രകാശ് റാവത്തുമുണ്ട്. 61കാരനായ അറോറ ചാർജെടുക്കുന്ന ദിവസം മുതൽ നിയമനം പ്രാബല്യത്തിൽ വരുമെന്ന് നിയമവകുപ്പ് ഉത്തരവിൽ പറയുന്നു.
നിലവിൽ വാർത്തപ്രക്ഷേപണവകുപ്പ് സെക്രട്ടറിയാണ് അറോറ. മെഹ്റിഷിക്കുപകരം രാജീവ് ഗൗബയെ ആഭ്യന്തരവകുപ്പ് സെക്രട്ടറിയായും നിയമിച്ചു. സി.ബി.എസ്.ഇ ചെയർപേഴ്സനായി ഗുജറാത്ത് കേഡർ െഎ.എ.എസുകാരി അനിത കർവാളിനെയും ധനകാര്യസേവന സെക്രട്ടറിയായി മുതിർന്ന ഉദ്യോഗസ്ഥൻ രാജീവ് കുമാറിനെയും നിയമിച്ചിട്ടുണ്ട്. എന്നാൽ, സി.ബി.െഎ മേധാവി നിയമനത്തെപ്പറ്റി സർക്കാർ ഒന്നും വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.