ന്യൂഡൽഹി: തിഹാർ ജയിലിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സന്ദർശിച്ച് ഭാര്യ സുനിത കെജ്‍രിവാളും മന്ത്രി അതിഷിയും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നാളെ കെജ്രിവാളിനെ സന്ദർശിക്കും. ''ഞാൻ കെജ്രിവാളിനെ കണ്ട് തിരിച്ചെത്തിയതേ ഉള്ളൂ. അദ്ദേഹത്തോട് സുഖമാണോ എന്ന് തിരക്കി. അപ്പോൾ എന്റെ ക്ഷേമാന്വേഷണം അവിടെ നിൽക്കട്ടെ ഡൽഹിയിലെ ജോലികൾ എങ്ങനെ പോകുന്നു എന്നാണ് അദ്ദേഹം ചോദിച്ചത്. കുട്ടികൾക്ക് പുസ്തകങ്ങൾ ലഭിക്കുന്നുണ്ടോ? മൊഹല്ല ക്ലിനിക്കിൽ ആവശ്യത്തിന് മരുന്നുകളുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു.''-അതിഷി പറഞ്ഞു. നിലവിൽ ആറ് വകുപ്പുകളുടെ ചുമതലയാണ് അതിഷി വഹിക്കുന്നത്.
വേനൽക്കാലമാണെന്നും ഡൽഹിയിൽ ജലക്ഷാമം ഉണ്ടാകാൻ പാടില്ലെന്നും കെജ്രിവാൾ നിഷ്‍കർഷിച്ചു. ഡൽഹിയിലെ വനിതകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 1000 രൂപ എത്തിക്കാനുള്ള പദ്ധതിയിലാണ് അദ്ദേഹമെന്ന് അറിയിച്ചതായും അതിഷി വ്യക്തമാക്കി.
സുനിതക്ക് കെജ്രിവാളിനെ സന്ദർശിക്കാൻ അനുമതി ലഭിച്ചില്ലെന്ന് നേരത്തേ എ.എ.പി ആരോപിച്ചിരുന്നു. എന്നാൽ സുനിത കെജ്രിവാളിനെ സന്ദർശിക്കുമെന്ന് പിന്നീട് അതിഷി വ്യക്തമാക്കി. കെജ്രിവാളിന്റെ കാര്യത്തിൽ ഓരോ ദിവസവും പുതിയ നിയമങ്ങളാണ്. രണ്ടുപേർക്ക് അദ്ദേഹത്തെ കാണാൻ അനുമതിയുണ്ടെങ്കിലും ഭാര്യയുടെ സന്ദർശനം റദ്ദാക്കി. ഒടുവിൽ ഇതിനെതിരെ ഞങ്ങളുടെ അഭിഭാഷകൻ നിയമപോരാട്ടം നടത്തിയപ്പോഴാണ് അനുമതി നൽകിയതെന്നും അതിഷി പറഞ്ഞു.
പ്രമുഖ നേതാക്കൾ ജയിലിലായതോടെ ലോക്സഭ തെരഞ്ഞെടുപ്പിൽ നിലവിൽ എ.എ.പിയെ നയിക്കുന്നത് അതിഷിയാണ്. സുനിത കെജ്രിവാളിനെയും പാർട്ടി രംഗത്തിറക്കിയിട്ടുണ്ട്. ഡൽഹി മദ്യനയക്കേസിൽ മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.