‘ഒമ്പത്​ വർഷമായി സുഹൃത്തുക്കൾ’; യോഗിക്ക്​ പിന്നാലെ അഖിലേഷിനേയും സന്ദർശിച്ച്​ രജനീകാന്ത്​

യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് പിന്നാലെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും സന്ദർശിച്ച് നടൻ രജനികാന്ത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ സന്ദർശിച്ച താരം, ഇന്ന് അഖിലേഷ് യാദവിനെയും വീട്ടിലെത്തി കണ്ടു. ലഖ്‌നൗവിലെ അഖിലേഷിന്റെ വസതിയിലായിരുന്നു സന്ദർശനം.

ഒമ്പത് വർഷം മുമ്പാണ് അഖിലേഷിനെ മുംബൈയിൽ വെച്ച് ആദ്യമായി കാണുന്നതെന്നും അന്നുമുതലേ സൗഹൃദത്തിലാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രജനികാന്ത് പറഞ്ഞു. ‘ഒമ്പത് വർഷം മുമ്പ് മുംബൈയിൽ നടന്ന ചടങ്ങിൽ അഖിലേഷ് യാദവിനെ കണ്ടിട്ടുണ്ട്​. അന്നുമുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. ഫോണിലും സംസാരിക്കാറുണ്ട്. അഞ്ച്​ വർഷം മുമ്പ് ഇവിടെ ഒരു ഷൂട്ടിങിന്​ വന്നപ്പോൾ എനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ അദ്ദേഹം ഇവിടെയുണ്ട്. അതുകൊണ്ട് കാണാനെത്തി’-രജനി പറഞ്ഞു.

കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ അഖിലേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. മൈസൂരിലെ എൻജിനീയറിങ്​ പഠനകാലത്ത് രജനികാന്തിനെ സ്‌ക്രീനിൽ കണ്ടപ്പോൾ അനുഭവിച്ച സന്തോഷം ഇപ്പോഴും മറക്കാനാകില്ലെന്നും അഖിലേഷ് കുറിച്ചു.

ജയിലറിന്റെ വിജയത്തിന് പിന്നാലെയാണ്​ രജനി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചത്​. യോഗിയുടെ വീട്ടിലെത്തിയ രജനി അദ്ദേഹത്തി​ന്റെ കാൽതൊട്ട് വണങ്ങിയിരുന്നു. യോഗിക്കൊപ്പം ജയിലറിന്റെ സ്​പെഷ്യൽ ഷോയും രജനി ക​ണ്ടു. യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സിനിമ കാണാനെത്തിയിരുന്നു.

രജനികാന്തിന്റെ ജയിലർ കാണാൻ അവസരം ലഭിച്ചുവെന്ന് യോഗി ആദിത്യനാഥും വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ നിരവധി സിനിമകൾ ക​ണ്ടിട്ടുണ്ട്. സിനിമക്ക് ആശയപരമായ പോരായ്മയുണ്ടെങ്കിലും മികച്ച പ്രകടനമാണ് എല്ലാ ചിത്രങ്ങളിലും രജനി നടത്താറുള്ളതെന്ന് യോഗി ആദിത്യനാഥിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

രജനികാന്ത് ഗവർണർ ആനന്ദിബെൻ പട്ടേലുമായി കൂടിക്കാഴ്ച നടത്തിയെന്നും രാജ്ഭവനും ട്വിറ്ററിലൂടെ അറിയിച്ചു. ഞായറാഴ്ച അയോധ്യയിലും രജനീകാന്ത് സന്ദർശനം നടത്തുന്നുണ്ട്. യു.പിയിൽ എത്തുന്നതിന് മുമ്പ് ഝാർഖണ്ഡിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. സംസ്ഥാനത്തെ ചിന്നമാസ്ത ക്ഷേത്രത്തിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്.

Tags:    
News Summary - superstar Rajinikanth visited Akhilesh Yadav after 9 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.