ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് അണികളിലേക്കും പടരുന്നു. ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി ഇരുവരുടെയും അനുയായികൾ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചതാണ് പുതിയ റിപ്പോർട്ട്. അജ്മീറിൽ പാർട്ടി പ്രവർത്തകരുടെ ഒരു ഫീഡ്‌ബാക്ക് യോഗത്തിനിടെയാണ് ഇരിപ്പിടത്തെ ചൊല്ലി വാക്കേറ്റം ഉണ്ടാകുന്നത്.
എ.ഐ.സി.സിയുടെ രാജസ്ഥാൻ കോ-ഇൻചാർജ് അമൃത ധവാന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് മുന്നോടിയായി നഗരത്തിലെ വൈശാലി നഗർ ഏരിയയിലാണ് യോഗം നിശ്ചയിച്ചിരുന്നത്.
അജ്മീർ സരസ് ഡയറി ചെയർമാൻ രാമചന്ദ്ര ചൗധരിയുടെയും ആർ.ടി.ഡി.സി ചെയർമാൻ ധർമേന്ദ്ര റാത്തോഡിന്റെയും അനുയായികൾ എത്തിയ ഭാരവാഹി യോഗമായിരുന്നു അത്. അവർ പരസ്പരം മുദ്രാവാക്യം വിളിക്കുകയും വാക്കേറ്റത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് കോൺഗ്രസ് സിറ്റി പ്രസിഡന്റ് വിജയ് ജെയിൻ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ചതായി എസ്.എച്ച്.ഒ കരൺ സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസം അവസാനിച്ച സച്ചിൻ പൈലറ്റിന്റെ ജൻ സംഘർഷ് യാത്രയുടെ പശ്ചാത്തലത്തിലാണ് ഇവർ തമ്മിലുള്ള പോര് അതിരുകടന്നത്. കഴിഞ്ഞ സർക്കാറിന്റെ അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ആഹ്വാനം ചെയ്യണമെന്നും ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷനെ പിരിച്ചുവിടാനും മതിയായ നഷ്ടപരിഹാരം നൽകാനും സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. 15 ദിവസത്തിനകം നടപടിയെടുത്തില്ലെങ്കിൽ സമരവുമായി തെരുവിലിറങ്ങുമെന്ന ഭീഷണിയും സച്ചിൻ മുഴക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.