ന്യൂഡൽഹി: ആൾക്കൂട്ടക്കൊല, ഗോസംരക്ഷണത്തിെന്റ പേരിലെ അക്രമങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ആറാഴ്ചക്കകം അറിയിക്കാൻ വിവിധ സംസ്ഥാന സർക്കാറുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഗോസംരക്ഷണത്തിെന്റ പേരിൽ മുസ്‍ലിംകൾക്കെതിരെ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഫലപ്രദമായി നേരിടാൻ 2018ലെ സുപ്രീംകോടതിയുടെ വിധിക്ക് അനുസൃതമായി ഉടൻ നടപടിയെടുക്കാൻ സംസ്ഥാനങ്ങളോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് വനിത സംഘടനയായ നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ (എൻ.എഫ്.ഐ.ഡബ്ല്യു) നൽകിയ ഹരജി ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അരവിന്ദ് കുമാർ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആറാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
ആൾക്കൂട്ട കൊലപാതകങ്ങൾ സംബന്ധിച്ച് മിക്ക സംസ്ഥാനങ്ങളും മറുപടി സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. മറുപടി നൽകാത്ത സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ആറാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കണം. കഴിഞ്ഞ വർഷം ഹരജി പരിഗണിക്കവേ കേന്ദ്രത്തിനും മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ഡി.ജി.പിമാർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. എന്നാൽ, മറുപടി നൽകുന്നതിൽ പല സംസ്ഥാനങ്ങളും വീഴ്ച വരുത്തി.
മധ്യപ്രദേശിൽ ആൾക്കൂട്ട ആക്രമണം ഉണ്ടായെങ്കിലും ഇരകൾക്കെതിരെ ഗോഹത്യക്ക് കേസെടുക്കുകയാണ് ചെയ്തതെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ നിസാം പാഷ പറഞ്ഞു. മാംസത്തിെന്റ രാസപരിശോധന പോലും നടത്താതെ എങ്ങനെയാണ് ഗോഹത്യയുടെ പേരിൽ കേസെടുത്തതെന്നും അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും മധ്യപ്രദേശിനുവേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ചോദിച്ചു.
ഗോ സംരക്ഷണം ഉൾപ്പെടെ എന്ത് കാരണത്താലും ആൾക്കൂട്ട ആക്രമണങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സംസ്ഥാനങ്ങൾക്കുണ്ടെന്ന് 2018ലെ വിധിയിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.